മോസ്കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആദ്യത്തെ സിനിമ ചിത്രീകരിക്കാനൊരുങ്ങി റഷ്യൻ സംഘം. ഇതാദ്യമായാണ് ബഹിരാകാശനിലയത്തിൽ ഒരു സിനിമ ചിത്രീകരിക്കാൻ പോകുന്നത്. സംവിധായകനും നിർമാതാവുമായ ക്‌ലിം ഷിപെൻകോ ഒരുക്കുന്ന സിനിമയ്ക്ക് ‘ചലഞ്ച്’ എന്നാണ് പേര് നൽകിയിരിക്കുന്നത്.
നടി യുലിയ പെരെസിൽഡ്, ക്‌ലിം ഷിപെൻകോ എന്നിവർ അടങ്ങുന്ന സംഘം ഒക്ടോബർ അഞ്ചിനാകും ചിത്രീകരണത്തിനായി നിലയത്തിലേക്ക് യാത്ര തിരിക്കുക. പിന്തുണയുമായി മറ്റ് രണ്ടുപേരും റഷ്യൻ ബഹിരാകാശ യാത്രികൻ ഒലെഗ് ആർതെമിയേവും ഇവർക്കൊപ്പമുണ്ടാകും.
ഭൂമിയിൽ തിരിച്ചെത്താൻ കഴിയാത്തവിധം അസുഖം ബാധിച്ച ബഹിരാകാശ യാത്രികനെ ശസ്ത്രക്രിയ നടത്താൻ നിയോഗിക്കപ്പെടുന്ന വനിതാ സർജന്റെ കഥയാണ് സിനിമ പറയുന്നതെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ആർ.ഐ.എ. റിപ്പോർട്ട് ചെയ്യുന്നു.
ഓഗസ്റ്റ് 31-നാണ് പരീക്ഷണങ്ങൾക്കു ശേഷം ഇരുവരെയും ദൗത്യത്തിനായി തിരഞ്ഞെടുത്തത്. 2017-ൽ പുറത്തിറങ്ങിയ ബഹിരാകാശ ആക്ഷൻ ചിത്രം സല്യൂട്ട് 7-ന്റെ സംവിധായകനാണ് ക്‌ലിം ഷിപെൻകോ.
Post Your Comments