2004 എന്ന വര്‍ഷം മോഹന്‍ലാല്‍ എന്ന നടന് വി.എം വിനുവും, ടി.എ ഷാഹിദും കൂടി നല്‍കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘ബാലേട്ടന്‍’. ബാലേട്ടന്‍ എന്ന സിനിമ ചെയ്യുമ്പോള്‍ ആ സിനിമ തമാശ കൊണ്ട് മൂടണമെന്നു തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നതായും, ചിത്രത്തിന്റെ തിരക്കഥാകൃത്ത് ടിഎ ഷാഹിദിനു ‘ബാലേട്ടന്‍’ എന്ന കഥ മോഹന്‍ലാലിനോട് പറയാന്‍ മടിയുണ്ടായിരുന്നുവെന്നും ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് വിഎം വിനു പറയുന്നു. അദ്ദേഹത്തിന്റെ തന്നെ യുട്യൂബ് ചാനലിലാണ് ബാലേട്ടന്‍ ഓര്‍മ്മകള്‍ വിഎം വിനു പങ്കുവച്ചത്.
‘ബാലേട്ടന്‍’ എന്ന സിനിമ ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ അതില്‍ ഹ്യൂമര്‍ ഒരുപാട് വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ജഗതി ചേട്ടനും, കോമഡിയില്‍ അന്നത്തെ ട്രെന്‍ഡ് ആയിരുന്ന ഹരിശ്രീ അശോകനുമൊക്കെ ചേര്‍ന്നുള്ള ഒരു ചിരി വിരുന്നു കൂടി ആയിരിക്കണം ബാലേട്ടന്‍ എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിന്റെ കഥ എന്ന് പറയുന്നത് അച്ഛനും-മകനും തമ്മിലുള്ള ഒരു വൈകാരിക സ്നേഹത്തിന്റെ കഥയാണ്. അത് മുഴുവനായി ആ ഇമോഷണല്‍ മൂഡില്‍ കൊണ്ട് പോകാന്‍ സാധിക്കില്ല. ഹ്യൂമര്‍ ഒരുപാടായാല്‍ ബാലേട്ടന്‍ എന്ന സിനിമയ്ക്ക് അത് ഗുണം ചെയ്യുമെന്ന് എനിക്ക് അറിയാമായിരുന്നു. ‘ബാലേട്ടന്‍’, ലാലേട്ടന്‍ ചെയ്യണമെന്നു തന്നെയായിരുന്നു ആദ്യം മുതലേ എന്റെ മനസ്സില്‍. പക്ഷേ തിരക്കഥാകൃത്ത് ടി.എ ഷാഹിദിന്റെ മനസ്സില്‍ മറ്റൊരു നടനായിരുന്നു, അത് വേറൊന്നും കൊണ്ടല്ല ഈ കഥയുമായി മോഹന്‍ലാലിനെ സമീപിക്കാനുള്ള പേടി കൊണ്ടായിരുന്നു. അന്ന് ലാലേട്ടന്‍ നരസിഹം, ആറാം തമ്പുരാന്‍ പോലെയുള്ള സിനിമകള്‍ ചെയ്യുന്ന സമയമാണ്. അങ്ങനെയൊരു അവസരത്തില്‍ ഒരു സാധാരണ കുടുംബ കഥയുമായി ലാലേട്ടനെ സമീപിക്കാന്‍ ടി.എ ഷാഹിദ് താല്‍പര്യപ്പെട്ടിരുന്നില്ല’. വി.എം വിനു പറയുന്നു.
Post Your Comments