CinemaGeneralLatest NewsMollywoodNEWS

സിനിമ നിന്ന് പോകുമോ എന്ന് ഭയപ്പെട്ടിരുന്നു: പുതിയ സംവിധായകന്റെ സ്വപ്ന സിനിമയെക്കുറിച്ച് രഘുനാഥ് പലേരി

ഒരു ദിവസം പത്മനാഭൻറെ ചങ്ങാതി അജ്മൽ സംവിധാനം ചെയ്യുന്ന സേതു എന്ന സിനിമയിൽ എന്നെ വിളിച്ചു നിർത്തി ളോഹ ധരിപ്പിച്ച് ജിതിൻ ക്യാമറക്കു മുന്നിൽ നിർത്തി

വ്യത്യസ്തമായ രചനകളിലൂടെ മലയാള സിനിമയിലെ ഏറ്റവും ഹിറ്റ് തിരക്കഥാകൃത്തുക്കളില്‍ ഒരാളായി മാറിയ രഘുനാഥ് പലേരി പുതിയ കാലഘട്ടത്തില്‍ യുവ നിരയ്ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്നത് എഴുത്തുകാരന്‍ എന്ന നിലയിലല്ല. സംവിധായകര്‍ മാത്രം അഭിനയ രംഗത്ത് സജീവമായി നില നില്‍ക്കുന്ന ഈ അവസരത്തില്‍ അഭിനയം കൊണ്ട് സിനിമകളില്‍ അത്ഭുതം തീര്‍ക്കുകയാണ് നിരവധി ക്ലാസിക് ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച രഘുനാഥ് പലേരി. ജിതിന്‍ പത്മനാഭന്‍ എന്ന പുതിയ സംവിധായകനെക്കുറിച്ചും, അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ചും ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയാണ് രഘുനാഥ് പലേരി.

രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ജിതിൻ പത്മനാഭനെ ആദ്യം കാണുന്നത് പൊളിച്ചുപോയ പാലാരിവട്ടം പാലം ഇടപ്പള്ളി ഭാഗത്തേക്കുള്ള വഴി അവസാനിക്കുന്നിടത്ത് പത്മനാഭൻറെ ചങ്ങാതികൾ കെട്ടിപ്പൊക്കിയ നല്ലൊരു ഹോട്ടലിൽ വെച്ചാണ്. സ്വാദിഷ്ടമായ ഊണും മീൻ കറിയും, പൊരിച്ചതും പൊരിക്കാത്തതുമായ മറ്റു കൂട്ടുകളും എല്ലാമായൊരു രുചി കേന്ദ്രമായിരുന്നു അത്. അവിടത്തെ വിളമ്പുകാരിൽ ഒരാളായിരുന്നു ജിതിനായ പത്മനാഭൻ. വല്ലപ്പോഴും വന്നേ വിളമ്പൂ. ഹോട്ടലിൻറെ പേര് ആഹാർ. ഇപ്പോൾ ആഹാർ അവിടെ ഇല്ല. ആ പാലവും പൊളിച്ചു പണിതു. കൊറോണയും ലോക്ക്ഡൌണും വന്നു. ആ ഭാഗമേ മാറി. ജിതിനും മാറി. പത്മനാഭനും മാറി.
സാമ്പാറും ചോറും വിളമ്പുന്നതിനിടയിലാണ് ജിതിൻ വെറും പത്മനാഭനല്ലെന്നും സിനിമയിലെ പണിയൊന്നും ഇല്ലാത്തൊരു സഹസംവിധായകനാണെന്നും അറിയുന്നത്. വീറ്റ് പൊറോട്ട അട്ടിക്കു വെച്ചപോലെ മനസ്സിൽ സിനിമ അട്ടിക്കട്ടിക്ക് വെച്ച പത്മനാഭനോട് എന്തോ ഒരിഷ്ടം തോന്നിയിരുന്നു. ഒരു വാത്സല്ല്യം. ഒരു കൌതുകം. ഒരിക്കൽപോലും ഒരു സിനിമയിൽ ചേർക്കുമോ എന്നു ചോദിച്ചില്ല. ഇടക്കിടെ കാണുന്ന പത്മനാഭനെ പെട്ടെന്ന് കുറെകാലം കാണാതാവും. നാട്ടിലേക്ക് പോയി അഛനേം അമ്മേം കെട്ടിപ്പിടിച്ചു കിടക്കലായിരുന്നു പണിയെന്ന് പിന്നീടറിഞ്ഞു. ചില നേരം കാണുമ്പോൾ ചിരിയിൽ പൊതിഞ്ഞ സങ്കടം കണ്ണിൽ നിറച്ച് പത്മനാഭൻ ജിതിനായി നോക്കുന്നൊരു നോട്ടമുണ്ട്. വാക്കുകളുടെ ഇരുവശവും പ്രതീക്ഷയുടെ പശ തേച്ചുള്ളൊരു സംസാരമുണ്ട്. പോയ കാലങ്ങളിൽ പലപ്പോഴും ഞാൻ എന്നോട് തന്നെ സംസാരിക്കാറ് അങ്ങിനായിരുന്നു. അതുകൊണ്ടാവും പത്മനാഭനു മുന്നിൽ ജിതിനായി മാറാതെ ഞാനും കുലുക്കമില്ലാതെ നിന്നത്.
പിന്നീടാണ് അത്ഭുതം സംഭവിച്ചത്. ഒരു ദിവസം പത്മനാഭൻറെ ചങ്ങാതി അജ്മൽ സംവിധാനം ചെയ്യുന്ന സേതു എന്ന സിനിമയിൽ എന്നെ വിളിച്ചു നിർത്തി ളോഹ ധരിപ്പിച്ച് ജിതിൻ ക്യാമറക്കു മുന്നിൽ നിർത്തി. സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് എനിക്കേറ്റവും പ്രയപ്പെട്ട വിശിഷ്ട അദ്ധ്യാപകൻ ശ്രീ അബ്രഹാം ഫാദറെപോലെ എന്നെ ഒരച്ചനാക്കി. ജിതിൻ പത്മനാഭൻ ആ സിനിമയുടെ അസോസിയേറ്റ് സംവിധായകൻ ആയിരുന്നു. ഒരു പണി കിട്ടിയ സന്തോഷം മുഖം നിറയെ. ആനന്ദം തോന്നിയ നിമിഷം.
എറണാകുളത്തെ പള്ളിമുറ്റത്ത് അച്ചനായി നിൽക്കേ അരികിലേക്ക് വന്ന് ഒരു കടലാസ് കാണിച്ച് എന്തെങ്കിലും സഹായം ചെയ്യുമോ എന്നു ചോദിച്ച സ്ത്രീയോട്, അരികിൽ നിന്ന ആരോ ഞാനച്ചനല്ലെന്ന് പറഞ്ഞു. ആ സ്ത്രീ അയാളെ ഉച്ചത്തിൽ ദേഷ്യപ്പെട്ടു.
“അച്ചനല്ലേ..? പിന്നെ ഇതമ്മയാണോ..?”
സത്യമല്ലേ അവർ ചോദിച്ചത്.
കീശയിൽ ഒന്നുമില്ലാത്ത അച്ചനായ ഞാൻ ജിതിനെ വിളിച്ച് അവർക്ക് സഹായം നൽകാൻ പറഞ്ഞു. അവർ അടുത്ത ദിവസവും വന്നു കാണും. ശരിയായ അച്ചനെ കണ്ടുകാണും. വീണ്ടും സഹായം ചോദിച്ചു കാണും. സഹായിച്ചിട്ടില്ലെങ്കിൽ അച്ചൻ കുടുങ്ങിക്കാണും. ഉറപ്പ്.
ഇത്രയും എഴുതാൻ കാരണക്കാരൻ ജിതിൻ പത്മനാഭൻ തന്നെയാണ്. ജിതിൻ സ്വതന്ത്ര സംവിധായകാനായി മാറിയ “ശലമോൻ” എന്ന സിനിമയുടെ ചിത്രീകരണം ഇന്നലെയോടെ തീർന്ന വാർത്ത കണ്ടു. എല്ലാവരും മനസ്സും ശരീരവും പൂട്ടിക്കിടക്കുന്ന ഈ കാലത്ത് ജിതിൻ ചിത്രീകരണം ആരംഭിച്ചപ്പോൾ ഇടക്കെങ്ങാനും വെച്ച് നിന്നുപോകുമോ എന്ന് ഞാനും ഭയപ്പെട്ടിരുന്നു. എന്തോ അത് പൂർത്തിയായി.
റോക്കറ്റ് ഉണ്ടാക്കുന്നതാണ് കഠിനം. തീ കൊടുത്ത് വിടുന്നത് ഏതാണ്ട് എളുപ്പമാണ്. മൂട്ടില് കത്തിച്ചാ മതി. ജിതിൻ പത്മനാഭനും അവൻറെ ശലമോനും മൂട്ടിൽ തീയുമായി വന്ന് ഉയരത്തിലുയരത്തിലങ്ങ് പറക്കട്ടെ. അപ്പോഴേക്കും ചിത്രശാലകളെല്ലാം തുറന്ന് ആളുകളും ഭയമില്ലാതെ ഒഴുകിത്തുടങ്ങട്ടെ.

shortlink

Related Articles

Post Your Comments


Back to top button