
ലോകമെമ്പാടുമുള്ള ആരാധകർ, രാഷ്ട്രീയ പ്രവര്‍ത്തകർ, സിനിമാരംഗത്ത് നിന്ന് തുടങ്ങി നിരവധി പേരാണ് ഇന്നലെ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കിയത്. പിറന്നാളിന് ദിവസങ്ങൾക്ക് മുൻപേ തുടങ്ങിയ ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അടിമാലിക്ക് സമീപം കല്ലാറിലുള്ള ‘പാലാമഠം (സൽ മനത്ത്)’ എന്ന സ്വന്തം എസ്റ്റേറ്റ് ബംഗ്ലാവിലായിരുന്നു പിറന്നാൾ ആഘോഷം. തിങ്കളാഴ്ച രാത്രി തന്നെ ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ സൽമാൻ, ഭാര്യ അമാൽ, മകൾ സുറുമി, കൊച്ചുമകൾ മറിയം എന്നിവർക്കൊപ്പം മമ്മൂട്ടി ഏലത്തോട്ടത്തിലുള്ള ഈ എസ്റ്റേറ്റ് ബംഗ്ലാവിലെത്തി. ഇന്നലെ കേക്ക് മുറിക്കലിലും ആഘോഷത്തിലും കുടുംബാംഗങ്ങൾക്കൊപ്പം നിർമാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, നടൻ രമേഷ് പിഷാരടി എന്നിവരും പങ്കെടുത്തു. നടൻ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ സമ്മാനിച്ചതായിരുന്നു മമ്മൂട്ടിയുടെ മിനിയേച്ചർ രൂപമുള്ള പിറന്നാൾ കേക്ക്.
മൂന്നാറിൽനിന്നും അടിമാലിയിൽനിന്നുമൊക്കെ രാവിലെ മുതൽ ആളുകളുടെ ഒഴുക്കായിരുന്നു. എന്നാൽ ആർക്കും അദ്ദേഹം മുഖം കൊടുത്തില്ല. പിറന്നാൾ ദിനം മുഴുവൻ തോട്ടത്തിലും വീട്ടിലുമായാണ് സമയം ചിലവഴിച്ചത്. സ്വകാര്യമായ സന്ദർശനമായതിനാൽ കുടുംബത്തോടൊപ്പം ജന്മദിനം ചെലവഴിക്കാനാണ് മമ്മൂട്ടി ആഗ്രഹിക്കുന്നതെന്ന് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ അരികിലായാണ് മമ്മൂട്ടിയുടെ വിശാലമായ തോട്ടം. ഇതിന്റെ മധ്യത്തിലായി പതിറ്റാണ്ടുകൾ പഴക്കമുള്ള വീടും അടുത്തകാലത്ത് നിർമിച്ച ചെറിയ ഔട്ട് ഹൗസുമാണുള്ളത്. രണ്ടായിരത്തിലാണ് കല്ലാറിൽ മമ്മൂട്ടി എസ്റ്റേറ്റ് വാങ്ങിയത്.
അതേസമയം സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചവർക്ക് എല്ലാം നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട് മമ്മൂട്ടി രംഗത്തെത്തിയിരുന്നു.
https://www.instagram.com/p/CTgxFJ6plwG/?utm_source=ig_web_copy_link
മമ്മൂട്ടിയുടെ വാക്കുകൾ:
ഇന്ന്, പിറന്നാള്‍ ദിനത്തില്‍ ലഭിച്ച സ്നേഹം എന്നെ കീഴടക്കിയിരിക്കുന്നു. ഒപ്പം വിനയാന്വിതനുമാക്കുന്നു. എന്നെ വ്യക്തിപരമായി അറിയുന്നവരും ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവരും എന്നോടുള്ള അവരുടെ സ്നേഹം ഒരേയളവില്‍ അറിയിച്ചു.
മുഖ്യമന്ത്രി മുതല്‍ അനേകം നേതാക്കള്‍. അമിതാഭ് ബച്ചനും മോഹന്‍ലാലും കമല്‍ ഹാസനും തുടങ്ങി പല ഭാഷാ സിനിമകളിലെ നിരവധി അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും. മാധ്യമപ്രവര്‍ത്തകരും പ്രസിദ്ധീകരണങ്ങളും ചാനലുകളും രാജ്യമൊട്ടാകെയുള്ള സോഷ്യല്‍ മീഡിയ പേജുകളും. എല്ലാറ്റിലുമുപരി തങ്ങളുടെ ആഘോഷങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രേക്ഷകര്‍ അവരുടെ സ്നേഹം അറിയിച്ചതാണ് എന്നെ ഏറ്റവുമധികം സ്പര്‍ശിച്ചത്.എന്റെ പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിക്കുന്നതിനോട് പൊതുവെ വിമുഖനാണ് ഞാന്‍. പക്ഷേ എനിക്ക് അറിയാവുന്നവരും വ്യക്തിപരമായി അറിയാത്തവരുമായ ആളുകള്‍ എന്നെ സ്വന്തം കുടുംബാംഗത്തെപ്പോലെ കണ്ട് ഈ ദിവസം പ്രത്യേകതയുള്ളതാക്കി. ഞാന്‍ യഥാര്‍ഥത്തില്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്ന് തോന്നിപ്പോയ നിമിഷം. എന്റെ ആത്മാര്‍ഥമായ കൃതജ്ഞതയും ലഭിച്ചതിന്റെ പതിന്മടങ്ങ് സ്നേഹവും ഞാന്‍ വിനയപൂര്‍വ്വം പങ്കുവെക്കുന്നു. എനിക്ക് കഴിയുന്നിടത്തോളം നിങ്ങള്‍ ഏവരെയും രസിപ്പിക്കുന്നത് തുടരണമെന്നാണ് എനിക്ക്.
സ്നേഹവും പ്രാര്‍ഥനകളും,
മമ്മൂട്ടി
Post Your Comments