GeneralLatest NewsMollywoodNEWSSocial Media

അഭ്രപാളിയിൽ അനന്തവിസ്മയം തീർക്കുന്ന മമ്മൂട്ടി എന്ന ഗന്ധർവ വസന്തം: പ്രേംകുമാർ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും സിനിമാലോകവും. ഇപ്പോഴിതാ, പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് നടൻ പ്രേംകുമാർ.

പ്രേം കുമാറിന്റെ വാക്കുകൾ:

അഭ്രപാളിയിൽ അനന്തവിസ്മയം തീർക്കുന്ന മമ്മൂട്ടി എന്ന ഗന്ധർവ വസന്തം അഭിനയ മികവിന്റെ അമ്പതാണ്ടു തികയ്ക്കുമ്പോൾ അദ്ഭുതത്തിന്റെ പെരുംകടൽ പ്രേക്ഷകഹൃദയങ്ങളിൽ അലയടിച്ചിരമ്പുന്നു. മഴപോലെ… മഞ്ഞുപോലെ… ഇടിമുഴക്കം പോലെ… മമ്മൂട്ടി എന്ന മഹാനടൻ മലയാളി മനസ്സുകളിലും മലയാളത്തിന്റെ അതിരുകൾ ഭേദിച്ച് ദേശഭാഷകൾ കടന്ന് എല്ലാ മനസ്സുകളിലും നിറഞ്ഞുപടരുകയാണ്.

ഭൂതകാലത്തിന്റെയും വർത്തമാനത്തിന്റെയും ഭാവിയുടെയും അഭിനയപ്പെരുമയുടെ അടയാളമായി ത്രികാലങ്ങളിലും തിളങ്ങുന്ന, താരങ്ങളുടെ താരമായി മമ്മൂട്ടി എന്ന നക്ഷത്രശോഭ. ഒപ്പമെത്താൻ വെമ്പുന്ന മിന്നുംതാരങ്ങൾക്കിടയിൽ രാജകീയപ്രൗഢിയോടെ മലയാളത്തിന്റെ സൗഭാഗ്യമായി മമ്മൂക്ക. സൗന്ദര്യത്തിന്റെയും ആകാരസൗകുമാര്യത്തിന്റെയും നിത്യയൗവന നിറഭാവമായി നട്ടുച്ചയുടെ വെയിൽവെട്ടംതീർത്ത് ത്രീവ്രകാന്തിയോടെ ജ്വലിച്ചുനിൽക്കുന്നു. ദിനംതോറും വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്ക് ഉയിരും ഊർജ്ജവുമേകി ആർജവത്തോടെ മുന്നേറുന്നു – സിനിമയുടെ ഈ അമരക്കാരൻ.

‘നടക്കുമ്പോൾ തെളിയുന്നതാണ് വഴി’ എന്ന വിജയരഹസ്യം. ഈ മഹാനടൻ താൻ നടന്നു തെളിച്ച അഭിനയത്തിന്റെ വേറിട്ട പുത്തൻ വഴിത്താര ചൂണ്ടിക്കാട്ടി നമ്മെ പഠിപ്പിക്കുന്നു. അംഗീകാരങ്ങളുടെയും ആദരവുകളുടെയും പുരസ്കാരങ്ങളുടെയുമൊക്കെ പർവതപ്പൊക്കത്തിലെത്തി സ്വന്തം സാമ്രാജ്യം തീർക്കുമ്പോഴും നിരാലംബർക്കുനേരെ കരുണയുടെ കിരണങ്ങൾ ചൊരിഞ്ഞ് സ്നേഹസാന്ത്വനങ്ങളുടെ തൂവൽസ്പർശമേകുന്നു. ഹൃദയത്തിന്റെ താളപ്പിഴകൾക്ക് പരിഹാരമേകാൻ നൂതന ചികിത്സാപദ്ധതികളൊരുക്കി നിസ്സഹായരായ മനുഷ്യർക്ക് നന്മയുടെ കാവലാളായി മാറി മാനവികതയുടെ മധുരംപൂത്ത വഴികളിൽ ആശ്വാസത്തിന്റെ കുളിർകാറ്റുവീശുന്നു.

പ്രതിഭാധനരുടെ സർഗ്ഗശേഷിയുടെ കരവിരുതിൽ ഉരുവാകുന്ന കഥാപാത്രക്കിനാവുകൾക്ക് വെള്ളിത്തിരയിൽ ഉൺമയുടെ ഉടയാട ചാർത്തുന്നു. പാളീച്ചകളില്ലാത്ത അനുഭവബലത്തിലും ആർജ്ജിച്ച അറിവുകളുടെ കരുത്തിലും കഥാപാത്രങ്ങളുടെ അഗാധതകളിലിറങ്ങി അത് ഉരുവാക്കിയവരെപ്പോലും അമ്പരപ്പിക്കും വിധം അപാര സർഗപ്രതിഭയുടെ അസാമാന്യ മികവിന്റെ തികവോടെ അഭിനയചാരുതയുടെ കൈയൊപ്പ്‌ ചാർത്തുന്നു.

വീരനായും വിധേയനായും വില്ലനായും വല്യേട്ടനായും ചരിത്ര പുരുഷൻമാരായുമൊക്കെ പ്രണയത്തിന്റെയും പൗരുഷത്തിന്റെയും രൗദ്ര-തരളിതഭാവങ്ങളുടെയുമെല്ലാം നവരസങ്ങൾ പരന്നൊഴുകുന്ന ഇതിഹാസമായി അഭിനയകലയുടെ ആഴക്കടലിന്റെ അടിയൊഴുക്കുകളിൽ മുങ്ങാംകുഴിയിട്ട് മുത്തും പവിഴങ്ങളും പ്രേക്ഷകമനസ്സിൽ വാരിവിതറുന്നു. ഭൂതക്കണ്ണാടികളുടെപോലും കാഴ്ചയിൽപ്പെടാത്ത അതിസൂക്ഷ്മ ഭാവപ്രകടനങ്ങളിലൂടെ…, ഗാംഭീര്യമാർന്ന ശബ്ദത്തിന്റെ അസാമാന്യ നിയന്ത്രണ വഴക്കങ്ങളിലൂടെ…, കൃത്യമായ ശരീരഭാഷയുടെ സ്ഫുടതയിലൂടെ … അഭിനയത്തിന്റെ വ്യത്യസ്ത നിറക്കൂട്ടുകളൊരുക്കി ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു. വേഷപ്പകർച്ചയിൽ അമ്പതാണ്ടിന്റെ അഭിനയക്കരുത്തുമായി അനശ്വരമായ വൻമതിലിന്റെ അപാരഗരിമയിലുയർന്നു നിൽക്കുന്ന മമ്മൂട്ടി എന്ന അദ്ഭുതത്തിന്…..

വിനയപുരസ്സരം അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

പ്രിയപ്പെട്ട മമ്മുക്കാ ………ഇനിയുമിനിയും ഒരുപാട് ഒരുപാട് കാലം അഭിനയകലയുടെയും സഹജീവി സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയുമൊക്കെ ഉത്തുംഗശൃംഗത്തിന്റെ ഉയരങ്ങളിലേക്ക് ഉയർന്ന് ഉയർന്നു ഉയരാൻ ആയുസ്സും ആരോഗ്യവും സർവശക്തൻ കനിവോടെ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട്…

ജന്മദിനാശംസകൾ നേരുന്നു.ഏറെ ആദരവോടെ… നിറഞ്ഞ സ്നേഹത്തോടെ…ഹൃദയപൂർവം, സ്വന്തം പ്രേംകുമാർ.

 

shortlink

Related Articles

Post Your Comments


Back to top button