
ജീവിതത്തിൽ ആദ്യമായൊരു സിനിമാതാരത്തിന്റെ കൂടെ ഫോട്ടോ എടുക്കുന്നതു മമ്മൂട്ടിയുടെ കൂടെയാണ് എന്ന് നടി മഞ്ജു വാര്യർ. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് പഴയകാല ഓർമ്മകൾ മഞ്ജു പങ്കുവെച്ചത്. വർഷങ്ങൾക്ക് ശേഷം കണ്ടപ്പോഴും തന്നെ അദ്ദേഹം തിരിച്ചറിഞ്ഞുവെന്നും മഞ്ജു പറയുന്നു.
‘ജീവിതത്തിൽ ആദ്യമായൊരു സിനിമാതാരത്തിന്റെ കൂടെ ഫോട്ടോ എടുക്കുന്നതു മമ്മൂക്കയുടെ കൂടെയാണ്. കണ്ണൂർ സാധു കല്യാണ മണ്ഡപത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഞാനന്നു സ്കൂൾ കലോത്സവ കലാതിലകമാണ്. അതുകൊണ്ട് ഉദ്ഘാടനത്തിനുശേഷം അവിടെ ഡാൻസ് ചെയ്യുന്നുണ്ടായിരുന്നു. ഞാനതു പറയുകയും ചെയ്തു.
വർഷങ്ങൾക്കുശേഷം സല്ലാപം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കെ മമ്മൂക്ക ഉദ്യാനപാലകൻ എന്ന സിനിമയുടെ ഷൂട്ടുമായി ഒറ്റപ്പാലത്തു വന്നു. അടുത്തടുത്തായിരുന്നു സെറ്റുകൾ. ഒരു ദിവസം കണ്ടപ്പോൾ ഞാൻ പോയി പരിചയപ്പെട്ടു. കണ്ട ഉടനെ പറഞ്ഞു; എനിക്കറിയാമെന്ന്. അതു വെറുതെ പറഞ്ഞതാകുമെന്ന് ഞാൻ കരുതി. പക്ഷേ, അടുത്ത വാചകം എന്നെ അദ്ഭുതപ്പെടുത്തി: ‘‘കൂടെനിന്നു ഫോട്ടോ എടുത്ത ആദ്യ സിനിമാക്കാരൻ ഞാനല്ലേ?’’ ഇതുപോലെ ഓർമകൾ സൂക്ഷിക്കുന്ന ഒരാളില്ലെന്നു പിന്നീടു പലതവണ കണ്ടപ്പോൾ മനസ്സിലായി’, മഞ്ജു പറഞ്ഞു.
Post Your Comments