മലയാളത്തിന്റെ അഭിമാനതാരം മെഗാസ്റ്റാർ മമ്മൂട്ടിയുടെ 70-ാം ജന്മദിനമാണ് ഇന്ന്. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബാംഗങ്ങളുമെല്ലാം മെഗാസ്റ്റാറിന്റെ ജന്മദിനം ആഘോഷമാക്കുകയാണ്. സിനിമയിൽ എത്തി അരനൂറ്റാണ്ട് പിന്നിട്ടതിനു ശേഷവും ഇന്നും അദ്ദേഹം ഒരു വിസ്മയമായി തന്നെ തുടരുന്നു.
തോപ്പിൽഭാസി തിരക്കഥയൊരുക്കി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിയുടെ അരങ്ങേറ്റം. സത്യനും പ്രേം നസീറും ഷീലയുമെല്ലാം പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ആ ചിത്രത്തിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായാണ് മമ്മൂട്ടി എത്തിയത്. പിനീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകൾ.
പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങൾ (മൂന്ന് ദേശീയ അവാർഡുകളും ഏഴ് സംസ്ഥാന പുരസ്കാരവും), ഫിലിം ഫെയർ പുരസ്കാരങ്ങൾ, കേരള- കാലിക്കറ്റ് സർവകലാശാലകളിൽ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്കാരങ്ങൾ.
വൈവിധ്യമാർന്ന കഥാപാത്രങ്ങൾ കൊണ്ട് അദ്ദേഹം വിസ്മയം തീർത്തു. മകന്‍ ദുൽഖർ സൽമാൻ ഉള്‍പ്പെടെ ഇന്ന് യുവനായകന്മാർ നിരന്നു നിൽക്കുമ്പോഴും മമ്മൂട്ടിയുടെ തട്ടകത്തിലേക്ക് ഒരു പകരക്കാരൻ ഇനിയും എത്തിയിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം. അദ്ദേഹത്തിന് മാത്രമായി അണിയറയിൽ തിരക്കഥകൾ ഒരുങ്ങുന്നു.
മലയാളത്തിൽ ഏറ്റവുമധികം പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ മറ്റൊരു താരവും ഇല്ല. ലാല്‍ജോസും അമല്‍ നീരദും ആഷിക് അബുവും അന്‍വര്‍ റഷീദുമൊക്കെയായി പല കാലങ്ങളിലായി എഴുപതിലേറെ പുതുമുഖസംവിധായകരാണ് മമ്മൂട്ടി ചിത്രങ്ങളിലൂടെ സംവിധാന രംഗത്തെത്തിയത്. കഠിനാധ്വാനം കൊണ്ടും നിരന്തരപരിശ്രമം കൊണ്ടുമാണ് നാല് പതിറ്റാണ്ടായി ഒരേ ഇരിപ്പിടത്തില്‍ മമ്മൂട്ടിയെന്ന മഹാനടന്‍ ഇപ്പോഴും തന്റെ സ്ഥാനം ഭദ്രമാക്കി ഇരിക്കുന്നത്.
Post Your Comments