ഒരുകാലത്തെ മമ്മൂട്ടി സിനിമയിലെ സ്ഥിരം നായികയായിരുന്നു നടി ഗീത. ഇപ്പോഴിതാ മമ്മൂട്ടിയുടെ 70ാം ജന്മദിനത്തോടനുബന്ധിച്ച് ഗീത പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഇരുവരും ഒന്നിച്ചെത്തിയ വാത്സല്യം എന്ന സിനിമയിലെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടായിരുന്നു ഗീത മമ്മൂട്ടിയെ കുറിച്ച് വാചാലയായത്.
ഗീതയുടെ വാക്കുകൾ:
വാത്സല്യത്തിന്റെ ഷൂട്ടിങ് ഒറ്റപ്പാലത്ത് തുടങ്ങുന്ന ദിവസം. സംവിധായകൻ കൊച്ചിൻ ഹനീഫ എനിക്കുള്ള സെറ്റും മുണ്ടും തന്നിട്ട് പറഞ്ഞു: ‘ദേ ഇതു മാത്രമാണ് ഇനി വേഷം. നല്ല നായരേടത്തിയായി അങ്ങ് തുടങ്ങാം’. അയ്യോ എനിക്കു നായർ കുടുംബമൊന്നും അത്ര പരിചയമില്ല, അയ്യങ്കാർ കുടുംബങ്ങളേ അറിയൂ എന്നായി ഞാൻ. അപ്പോഴതാ മമ്മൂക്ക വരുന്നു. കൈ ബനിയനും തോളിൽ തോർത്തും കള്ളിക്കൈലിയുമെല്ലാമുടുത്ത്. അപ്പോൾ ഹനീഫ പറഞ്ഞു: ‘ ദാ കണ്ടോ ഇതാണ് തനി നായർ കുടുംബനാഥൻ.’
ആ സിനിമയിൽ അനാവശ്യമായി ഒരു സംഭാഷണം പോലുമില്ല. അതിലെ ഓരോ രംഗവും ഷൂട്ടിങ് സമയത്തു പോലും കണ്ണു നനച്ചിട്ടുണ്ട്. മേലേടത്തു രാഘവൻ നായർ തന്നെയായിരുന്നു സെറ്റു മുഴുവൻ.’ മനുഷ്യനാകണമെടാ ആദ്യം എന്നിട്ടുണ്ടാക്ക് നിലയും വിലയും ‘എന്ന് മമ്മൂക്ക പറയുന്ന സീനൊക്കെ അടുത്തുനിന്നു കണ്ടതാണ്. വികാരങ്ങളുടെ വേലിയേറ്റങ്ങൾ. ഡബ്ബിങ്ങിലോ അതെത്ര ഉജ്വലം. വർഷങ്ങൾ കഴിഞ്ഞ് ‘സലാലാ മൊബൈൽസിൽ ’ ദുൽഖറിനൊപ്പം അഭിനയിച്ചപ്പോൾ ഞാൻ പറഞ്ഞു: അടുപ്പവും സ്നേഹവും കൊണ്ട് മമ്മൂക്കയെ തോൽപിച്ച മകൻ. അത്ര ഭാഗ്യവനായ പിതാവ്.
Post Your Comments