വാരിയംകുന്നൻ സിനിമ ചെയ്യുമെന്ന തീരുമാനത്തിൽ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച സംവിധായകൻ ഒമർ ലുലുവിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ‘മലയാള സിനിമ ഇന്നുവരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയംകുന്നൻ സിനിമ ചെയ്യാൻ തയ്യാറെന്ന് സംവിധായകൻ ഒമർ ലുലു. എങ്കിൽ ആഷിഖ് അബുവിന്റെ വാരിയംകുന്നൻ തന്നെ പോരേ? അതിലെ ആക്ഷൻ രംഗങ്ങളും ഇന്നുവരെ ആരും കണ്ടിട്ടില്ലല്ലോ’, എന്നായിരുന്നു പണിക്കർ ആദ്യം കുറിച്ചത്. പിന്നീട് ഒമർ ലുലു പിന്മാറിയെന്ന് പ്രഖ്യാപിച്ചതോടെ ഇതിനെ ട്രോളി ശ്രീജിത്ത് പണിക്കർ വീണ്ടും രംഗത്തെത്തി.
‘പ്രീബിസിനസ് നോക്കാതെ 50 കോടി കിട്ടിയിരുന്നെങ്കിൽ ജാലിയൻ കണാരനെ നായകനാക്കി ചന്തു ചേകവരുടെ ആരും കാണാത്ത കഥ പറയണം എന്നുണ്ടായിരുന്നു. പൈസ നോക്കണ്ട, ഒന്നും കയ്യിലില്ല എന്നും പറഞ്ഞ് പ്രൊഡ്യൂസർ ചങ്ക് വരെവന്നു. ഇന്നലെ ‘ചതിക്കാത്ത ചന്തു’ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി. ഇനിയൊരു ചന്തുവിന്റെ കഥ ആവശ്യമില്ല. റാഫിയും മെക്കാർട്ടിനും കൂടി ചന്തുവിന്റെ മാത്രമല്ല മലഭൂതത്തിന്റെയും ഡാൻസ് മാസ്റ്റർ വിക്രത്തിന്റെയും മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി ‘ചതിക്കാത്ത ചന്തു’വിൽ പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ ഇനിയൊന്നും പറയാനില്ല. കൂടെ നിൽക്കുകയും കാലുവാരുകയും ചെയ്ത എല്ലാവർക്കും പൈസ കളയാൻ മുന്നിട്ടിറങ്ങിയ ചങ്ക് ബ്രോയ്ക്കും നന്ദി. ലുലു അല്ലു, ലുലു അല്ലു’ എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ പരിഹാസ കുറിപ്പ്.
ബാബു ആന്റണിയെ നായകനാക്കി വാരിയംകുന്നൻ ചെയ്യും എന്നായിരുന്നു ഒമറിന്റെ പ്രഖ്യാപനം. പിന്നീട് ഐ.വി. ശശിയുടെ 1921 എന്ന സിനിമ കണ്ടതോടെ തന്റെ ഈ തീരുമാനം മാറ്റുകയാണെന്നും ഈ സിനിമയിൽ കൂടുതൽ ഇനി ആർക്കും പറയാൻ പറ്റുമെന്ന് തോന്നുന്നില്ലെന്നുമായിരുന്നു ഒമർ പറഞ്ഞത്. സംവിധായകന്റെ ഈ പ്രസ്താവനയോട് ട്രോൾ രൂപത്തിലായിരുന്നു ശ്രീജിത്ത് പണിക്കരുടെ മറുപടി.
Post Your Comments