മലയാളസിനിമയില്‍ 50 വര്‍ഷം പിന്നിട്ട മമ്മൂട്ടിയ്ക്ക് ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ എഴുപതാം പിറന്നാളോടനുബന്ധിച്ച് മനോരമയിലെഴുതിയ ലേഖനത്തില്‍ മമ്മൂട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ച് തുറന്നു പറയുകയാണ് മോഹൻലാൽ. വളരെ വൈകാരികമായി പ്രതികരിക്കുന്ന ആളാണ് മമ്മൂട്ടിയെന്ന് മോഹൻലാൽ പറയുന്നു.
‘ഇത്രയേറെ വൈകാരികമായി പ്രതികരിക്കുന്ന ആളെയും ഞാൻ കണ്ടിട്ടില്ല. പെട്ടെന്നു സങ്കടം വരും, ചിലപ്പോൾ കരയും. എന്തെങ്കിലും ദേഷ്യം മനസ്സിൽ വച്ചുകൊണ്ടിരുന്നതായി അറിയില്ല. ഉടൻ പൊട്ടിത്തെറിച്ചു തീരുന്ന വളരെ സാധാരണ മനസാണ് അദ്ദേഹത്തിന്റേത്. പണ്ടുമുതലേ എത്ര സ്വാദിഷ്ടമായ ഭക്ഷണമായാലും ആവശ്യത്തിനു മാത്രമേ ഇച്ചാക്ക കഴിക്കൂ. ഒരിക്കൽപ്പോലും എന്നെ ഉപദേശിച്ചിട്ടില്ല. പലപ്പോഴും ഞാൻ ജീവിതം കണ്ടത് ഈ ഇച്ചാക്കയിലൂടെയാണ്. ഒരുപാട് അച്ചടക്കവും ചിട്ടയുമുള്ള ഒരു ജ്യേഷ്ഠനും അതൊന്നുമില്ലാത്ത അനിയനുമാണ് ഞങ്ങളെന്ന് പറയാം.
ചെന്നൈയില്‍ ജീവിച്ച കാലത്തു തങ്ങള്‍ പരസ്പരം മിക്ക ദിവസവും കാണുമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. അന്നു രണ്ടുപേരും തുടക്കക്കാരായ കുട്ടികളായിരുന്നു. പിന്നീടു വലിയ കുട്ടികളായതോടെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. ഇച്ചാക്ക കൊച്ചിയിലും ഞാന്‍ ചെന്നൈയിലും തിരുവനന്തപുരത്തുമായി. അതോടെ കാണുന്നതും കുറഞ്ഞു. ഇത് അടുപ്പം കുറയാന്‍ ഇടയാക്കിയെന്നല്ല എന്നാലും ദിവസേനയുള്ള കാര്യങ്ങള്‍ അറിയാതായി. ഒരേ വീട്ടില്‍ ജനിച്ച സഹോദരന്മാരായാല്‍പ്പോലും അങ്ങനെയാണല്ലോ. വിളിക്കുമ്പോള്‍ പുതിയ സിനിമകളെക്കുറിച്ചു പറയും. എന്നോടും ചോദിക്കും.
ഇച്ചാക്ക കഠിനാധ്വാനത്തിലൂടെ നടനാകാൻ വേണ്ടി മാത്രം ജീവിച്ചയാളാണ്. ഓരോ നിമിഷവും കഠിനാധ്വാനം ചെയ്യുന്നു. എനിക്കിപ്പോഴും മമ്മൂട്ടിയെന്ന നടന്റെ ജീവിതവും അഭിനയവും അദ്ഭുതമാണ്. സിനിമകൾ കണ്ടും പഠിച്ചും ജീവിക്കുന്ന ഒരാൾ. 50 വർഷം മുൻപുള്ള അതേ മനസ്സോടെയാണു ഇച്ചാക്ക ഇന്നും ജീവിക്കുന്നത്. എന്നെ ചേർത്തു നിർത്തിയ ഒരാളല്ല, അകലെനിന്ന് ഏട്ടനെന്ന മനസ്സോടെ എന്നെ നോക്കിനിന്ന ഒരാളാണ് ഇച്ചാക്ക’, മോഹൻലാൽ കുറിച്ചു.
Post Your Comments