GeneralLatest NewsMollywoodNEWS

എന്റെ അച്ഛന്‍ മരിക്കുന്നതിന് മുൻപ് പോലും സീരിയൽ കണ്ടിരുന്നു: ജൂറിയുടെ തീരുമാനത്തിനെതിരെ ഗണേഷ് കുമാര്‍

അവാര്‍ഡിന് വേണ്ടി സീരിയല്‍ സമര്‍പ്പിച്ച ശേഷം എല്ലാം മോശമാണെന്ന് പറയുന്നത് കലാകാരന്‍മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ഗണേഷ് കുമാര്‍

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ സീരിയലുകള്‍ക്ക് അവാര്‍ഡ് നല്‍കേണ്ടെന്ന ജൂറി തീരുമാനത്തിനെതിരെ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ. അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കില്‍ അതില്‍ നല്ലത് കണ്ടെത്തി അവാര്‍ഡ് കൊടുക്കണം. അല്ലാത്ത പക്ഷം അത് മര്യാദകേടാണ്. ഇത്തരത്തില്‍ അവാര്‍ഡിന് വേണ്ടി സീരിയല്‍ സമര്‍പ്പിച്ച ശേഷം എല്ലാം മോശമാണെന്ന് പറയുന്നത് കലാകാരന്‍മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ഗണേഷ് കുമാര്‍ പറയുന്നു.

‘നല്ല സീരിയല്‍ ഇല്ല അതിനാല്‍ അവാര്‍ഡ് ഇല്ല എന്ന് പറയുന്നത് മര്യാദകേടാണ്. ക്ഷണിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണം. ക്ഷണിച്ചിട്ട് അവാര്‍ഡ് ഇല്ലാ എന്ന് പറയുന്നത്, കലാകാരന്മാരെയും കലാകാരികളെയും സാങ്കേതിക പ്രവര്‍ത്തകരെയും അപമാനിക്കുന്നതിന് തുല്യമാണ്. സീരിയലിന് ഇനി അവാര്‍ഡ് ഇല്ല എന്ന് അറിയിക്കുന്നതല്ലെ ഇതിലും നല്ലത്.

അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു എങ്കില്‍, കിട്ടിയ അപേക്ഷയില്‍ നല്ലത് കണ്ടെത്തി അവാര്‍ഡ് നല്‍കണമായിരുന്നു. അതിനാണല്ലോ ജഡ്ജസിനെ വെച്ചിരിക്കുന്നത്. കണ്ടതൊന്നും കൊള്ളില്ല എന്ന് പറഞ്ഞാല്‍ ഒരു അവാര്‍ഡു കൊടുക്കണ്ടല്ലോ. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സിനിമ അവാര്‍ഡുകള്‍ക്ക് ക്ഷണിക്കാറുണ്ട്, നല്ല സിനിമകള്‍ ഇല്ല അതുകൊണ്ട് അവാര്‍ഡ് ഇല്ല എന്ന് കമ്മിറ്റി തീരുമാനിച്ചാലോ.’

‘ഈ നിലപാടാണെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ സീരിയലുകള്‍ അവാര്‍ഡിന് ക്ഷണിക്കാതെ ഇരിക്കുക. ലക്ഷക്കണക്കിന് പ്രേക്ഷകരാണ് സീരിയലുകള്‍ കാണുന്നത്. സീരിയലുകള്‍ക്ക് മൂല്യമില്ല എന്ന കണ്ടെത്തല്‍ പ്രേക്ഷകരെക്കുടി കളിയാക്കുന്ന സമീപനമാണ്. പ്രായമായവരും ചെറുപ്പക്കാരും ഉള്‍പ്പടെ സീരിയലുകള്‍ ആസ്വദിക്കുന്നുണ്ട്. എന്റെ അച്ഛന്‍ പോലും ആശുപത്രിയില്‍ കിടക്കുമ്പോഴും, മരിക്കുന്നതിന് ഒരു ദിവസം മുമ്പ് വരെ മൊബൈലില്‍ സീരിയല്‍ കണ്ടു. അങ്ങനെയുള്ള ആസ്വാദകരെ പോലും കളിയാക്കുന്നതിന് തുല്യമാണ് ഇത്’, കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button