സംവിധാനം ഉപേക്ഷിച്ചിട്ടില്ല, മമ്മൂട്ടി ഡേറ്റ് തരാൻ എപ്പോഴും റെഡിയാണ്: ജോണി ആന്റണി

'തോപ്പില്‍ ജോപ്പന്‍' ആണ് ജോണി ആന്റണി അവസാന സംവിധാനം ചെയ്ത ചിത്രം

സംവിധാനം മാത്രമല്ല തനിക്ക് അഭിനയവും അറിയാം എന്ന് തെളിയിച്ചയാളാണ് ജോണി ആന്റണി. അദ്ദേഹം സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഏറ്റവും ഒടുവിൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘തോപ്പില്‍ ജോപ്പന്‍’ എന്ന ചിത്രവും മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാൽ ഇപ്പോൾ അഭിനയത്തിലാണ് ജോണി കൂടുതൽ ശ്രദ്ധ തിരിച്ചിരിക്കുന്നത്. ഹോം ആണ് ജോണി പ്രധാന വേഷത്തിലെത്തിയ അവസാനം റിലീസ് ചെയ്ത ചിത്രം.

ഇപ്പോഴിതാ താൻ സംവിധാനം നിർത്തിയോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജോണി ആന്റണി. താൻ സംവിധാനം നിർത്തിയിട്ടില്ലെന്നും, മമ്മൂട്ടിയുടെ ഡേറ്റ് എപ്പോഴും ഉണ്ടെന്നും ജോണി പറയുന്നു. എന്നാൽ ഒരു വർഷത്തേക്ക് സംവിധാനം എന്തായാലും ഉണ്ടാകില്ല എന്നും ജോണി വ്യക്തമാക്കി. മനോരമ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

‘ഞാന്‍ സംവിധാനം ചെയ്‍ത തോപ്പില്‍ ജോപ്പന്‍ ഇറങ്ങിയിട്ട് അഞ്ച് വര്‍ഷമായി. പിന്നെ മമ്മൂട്ടി ഡേറ്റ് തന്നെങ്കിലും സിനിമ നടന്നില്ല. ബിജു മേനോനും ഷെയ്ന്‍ നിഗവും നായകന്മാരാവുന്ന സിനിമ പ്ലാന്‍ ചെയ്‍തപ്പോഴാണ് ഷെയ്‍നിന്‍റെ വിലക്കും മറ്റും വന്നത്. മമ്മൂട്ടിയുടെ ഡേറ്റ് ഉള്ളതാണ് വീണ്ടും സംവിധായകനാവാന്‍ പ്രേരിപ്പിക്കുന്നത്. എന്തായാലും അടുത്ത ഒരു വര്‍ഷത്തേക്ക് സംവിധാനത്തിലേക്ക് മടങ്ങില്ല. അഭിനയം നിര്‍ത്തി പോയാല്‍ തിരികെ വരുമ്പോള്‍ ഇപ്പോഴുള്ള സ്ഥാനം ഉണ്ടാവണമെന്നില്ല. എന്നെക്കാള്‍ നല്ല നടന്മാര്‍ ഇഷ്‍ടംപോലെയുണ്ട്. സംവിധാനം വലിയ ടെന്‍ഷനുള്ള പണിയാണ്. എന്നാല്‍ അഭിനയം രസകരമാണ്’ ജോണി ആന്‍റണി പറയുന്നു.

മമ്മൂട്ടിയാണ് ജോണി ആന്റണിയുടെ കൂടുതൽ ചിത്രങ്ങളിലും നായകനായിട്ടുള്ളത്. തുറുപ്പ് ഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന, തോപ്പില്‍ ജോപ്പന്‍ . ദിലീപിനെ നായകനാക്കി മൂന്ന് ചിത്രങ്ങളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. സിഐഡി മൂസ, കൊച്ചി രാജാവ്, ഇന്‍സ്‍പെക്ടര്‍ ഗരുഡ് എന്നിവയാണ് അവ.

Share
Leave a Comment