ചെങ്കൽ ചൂളയിലെ കുട്ടികൾക്ക് ‘മിനി സിനി പ്രൊഡക്ഷൻ യൂണിറ്റ്’ സമ്മാനിച്ച് നടൻ ജയകൃഷ്ണൻ

കുട്ടികള്‍ ഭാവിയില്‍ ആരെങ്കിലും ആയി തീരണം അതിന് എനിക്ക് ചെയ്യാന്‍ കഴിയുന്നത് ഞാന്‍ ചെയ്യുന്നു, എന്നാണ് കുട്ടികൾക്ക് 'മിനി സിനി പ്രൊഡക്ഷൻ യൂണിറ്റ്' സമ്മാനിച്ചുകൊണ്ട് ജയകൃഷ്ണൻ പറഞ്ഞത്

നടൻ സൂര്യയുടെ അയന്‍ എന്ന ചിത്രത്തിലെ ഗാനത്തിന് ചുവടുവെച്ച് വൈറലായ ചെങ്കല്‍ ചൂളയിലെ കുട്ടികൾക്ക് ‘മിനി സിനി പ്രൊഡക്ഷൻ യൂണിറ്റ്’ സമ്മാനിച്ച് നടൻ ജയകൃഷ്ണൻ. സംവിധായകന്‍ അഖില്‍ മാരാരാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കുട്ടികള്‍ ഭാവിയില്‍ ആരെങ്കിലും ആയി തീരണം അതിന് എനിക്ക് ചെയ്യാന്‍ കഴിയുന്നത് ഞാന്‍ ചെയ്യുന്നു എന്നാണ് കുട്ടികൾക്ക് ഇത് സമ്മാനിച്ചുകൊണ്ട് ജയകൃഷ്ണൻ പറഞ്ഞതെന്ന് അഖില്‍ മാരാർ പറയുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ചെങ്കല്‍ ചൂളയില്‍ കുട്ടികള്‍ എടുത്ത വീഡിയോ സമൂഹമാധ്യമത്തില്‍ തരംഗമായത്. പരിമിതക്കുള്ളില്‍ നിന്നുകൊണ്ട് മികച്ച രീതിയില്‍ ചിത്രീകരിച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സൂര്യ തന്റെ ട്വിറ്ററിലും ഇവരുടെ നൃത്തം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ കണ്ണൻ താമരക്കുളം തന്റെ പുതിയ സിനിമയിലേക്ക് കുട്ടികളെ അഭിനയിപ്പിച്ചതും വാർത്തയായിരുന്നു.

അഖില്‍ മാരാരിന്റെ വാക്കുകള്‍:

‘എന്നോട് അടുത്തിടെ ഒരു യുക്തി വാദി ആയ ഒരാള്‍ പറഞ്ഞു അഖിലിനെ പോലെ യുക്തിഭദ്രമായ കാര്യങ്ങളെ കാണുന്ന ഒരാള്‍ എന്തിനാണ് കൈയില്‍ ഒരു ചരട് കെട്ടിയെക്കുന്നതെന്ന്. അത് പൊട്ടിച്ചു കള. ഞാന്‍ പറഞ്ഞു ഒന്നാമതെ ഞാന്‍ അഹങ്കാരി എന്നാണ് പൊതു ഭാഷ്യം അതിന്റെ കൂട്ടത്തില്‍ എനിക്ക് എന്തെങ്കിലും നേട്ടങ്ങള്‍ കിട്ടിയാല്‍ അതെന്റെ കഴിവ് കൊണ്ടാണെന്ന് എനിക്ക് തോന്നിയാല്‍ എന്റെ അഹങ്കാരം കൂടും അത് കൊണ്ട് അത്തരം ചിന്ത വരുമ്പോള്‍ ഞാന്‍ ഈ ചരടില്‍ നോക്കും അപ്പോള്‍ എനിക്ക് തോന്നും മറ്റാരോ എവിടെ ഇരുന്നോ എനിക്ക് വേണ്ടത് ചെയ്യുന്നു എന്ന്. സത്യത്തില്‍ അത്ര മാത്രമാണ് ഈശ്വരന്‍. നമ്മുടെ ലക്ഷ്യങ്ങള്‍ ആഗ്രഹങ്ങള്‍ ഉറച്ചതാണെങ്കില്‍ അത് പൂര്‍ത്തീകരിക്കാന്‍ ഈശ്വരന്‍ ആരുടെ എങ്കിലും രൂപത്തില്‍ നമ്മുടെ മുന്നില്‍ അവതരിക്കും.

ഈ ഫോട്ടോയില്‍ ഉള്ളത് ചെങ്കല്‍ ചൂളയിലെ കുറച്ചു മിടുക്കന്മാരും നടന്‍ ജയകൃഷ്ണനും ആണ്. മൊബൈല്‍ വീഡിയോ ഗ്രാഫിയിലൂടെ തങ്ങളുടെ കഴിവ് തെളിയിച്ച ഇവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വീഡിയോകള്‍ ഒരുക്കാന്‍ ഇവര്‍ക്കിടയില്‍ ഈശ്വരന്റെ രൂപേണ അവതരിച്ചത് എന്റെ ജേഷ്ഠ സഹോദരന്‍ കൂടിയായ ജയകൃഷ്ണനാണ്. കുട്ടികള്‍ ഭാവിയില്‍ ആരെങ്കിലും ആയി തീരണം അതിന് എനിക്ക് ചെയ്യാന്‍ കഴിയുന്നത് ഞാന്‍ ചെയ്യുന്നു അഖിലേ എന്നാണ് ജയേട്ടന്‍ എന്നോട് പറഞ്ഞത്. ജയേട്ടന്‍ സമ്മാനിച്ച ഒരു മിനി സിനി പ്രൊഡക്ഷന്‍ യൂണിറ്റ് ഉപയോഗിച്ചു വേണമെങ്കില്‍ ഒരു കുഞ്ഞു സിനിമ എടുക്കാം..എന്തായാലും അവരുടെ ആഗ്രഹങ്ങള്‍ വളരട്ടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യവത്കരിക്കട്ടെ. അവര്‍ക്ക് വളരാനുള്ള വളം ജയേട്ടന്റെ നന്മയില്‍ കൂടുതല്‍ വേരോടട്ടെ….പ്രിയപ്പെട്ട ജയകൃഷ്ണന്‍ ചേട്ടന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.’

Share
Leave a Comment