ഒരു സമൂഹത്തിന്റെ വളർച്ചയിൽ അധ്യാപകർക്ക് നിസ്തുലമായ പങ്കുണ്ട്. യുവതലമുറയുടെ വഴിയിൽ നന്മയുടെ പ്രകാശങ്ങൾ തെളിയിക്കുന്ന അധ്യാപകർ നിരവധിയാണ്. ജീവിതത്തിൽ അധ്യാപനം തൊഴിലായും സേവനമായും കാണുന്ന നിരവധിപേരുണ്ട്. വെള്ളിത്തിരയിലെ, മലയാളികളുടെ മനസ്സിൽ ഇടം നേടിയ അനവധി അധ്യാപകരുണ്ട് .പല തലങ്ങളിൽ അവതരിപ്പിക്കപ്പെട്ട അനവധി പേർ.. അവരിൽ പലരും സ്കിറ്റുകളിലൂടെയും ട്രോളുകളിലൂടെയും ഇന്നും നമ്മോടൊപ്പം സഞ്ചരിക്കുന്നു. അധ്യാപക ദിനത്തിൽ അധ്യാപക കഥാപാത്രങ്ങളിലൂടെ ഒരു കടന്നു പോകല്‍.
കണക്ക് ഭൂഗോളത്തിന്റെ സ്പന്ദനമാണെന്ന് പഠിപ്പിച്ച ചാക്കോ മാഷ്. ദ്വിമാന സമവാക്യത്തിന്റെ സാമാന്യരൂപം എന്താടാ, ബബ്ബ ബബ്ബ ബബ്ബ അല്ല. ഉത്തരം പറയടാ. എന്ന് ദേഷ്യപ്പെടുന്ന സ്ഫടികത്തിലെ ചാക്കോ മാഷ് മലയാളികൾക്ക് ഇടയിൽ ഇന്നും ചർച്ചയാണ്. ഭദ്രന് സംവിധാനം ചെയ്ത സ്ഫടികത്തില്‍ ചാക്കോ മാഷിലെ അച്ഛനെയും അധ്യാപകനെയും അനശ്വരമാക്കിയത് അതുല്യ നടൻ തിലകനായിരുന്നു. ചാക്കോ മാഷിനെപ്പോലുള്ളവർ തൊണ്ണൂറുകളില്‍ ധാരാളമുണ്ടായിരുന്നു.
ചാക്കോ മാഷിന് തുല്ല്യമായ പ്രാധാന്യമില്ലെങ്കിലും സ്ഫടികത്തിൽ നെടുമുടി വേണു അവതരിപ്പിച്ച രാവുണ്ണി മാഷും മികച്ച അദ്ധ്യാപകൻ തന്നെയാണ്. പിൽക്കാലത്ത് ആട് തോമ എന്ന വ്യക്തിയായി മാറിയ തോമസ് ചാക്കോയിലെ മികച്ച വിദ്യാര്‍ഥിയെ തിരിച്ചറിയുന്ന ഒരാൾ. തോമസ് ചാക്കോയെ ചാക്കോ മാഷിന്റെ നിര്‍ബന്ധപ്രകാരം തോല്‍പ്പിക്കുന്ന അധ്യാപകന്. അതിന്റെ കുറ്റബോധത്തില്‍ നീറി ജീവിക്കുന്ന വ്യക്തി. ചാക്കോ മാഷ് ഹെഡ്മാഷായുള്ള സ്കൂളില്‍ ഞാനുണ്ടാവില്ലായെന്നു പറഞ്ഞ് രാജികൊടുത്ത് പടിയിറങ്ങുന്ന രാവുണ്ണി ഇന്നും മലയാളികള്‍ക്ക് മറക്കാന്‍ പറ്റില്ല.
രാവുണ്ണിയെക്കാൾ ഒരുപിടി മുന്നിലാണ് മോഹന്‍ലാല്‍ – പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ വന്ദനത്തിലെ കോളജ് പ്രഫസർ. ചിത്രത്തിലെ വില്ലനായി മാറുന്ന പ്രഫസര്ക്കൊപ്പമാണ് മലയാളി മനസ്സുകൾ. ഒരു അധ്യാപകന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ മനോഹരമായി അവതരിപ്പിച്ച നെടുമുടി വേണുവിന്റെ ഈ പ്രഫസര്‍ വേഷവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടത് തന്നെയായിരുന്നു.
ഉപ്പെന്നു പറഞ്ഞാല്‍ സാള്‍ട്ട് മാവ് എന്നു പറഞ്ഞാല്‍ മാംഗോ ട്രീ അപ്പോള്‍ ഉപ്പുമാവിന്റെ ഇംഗ്ലീഷ് സാള്‍ട്ട് മാംഗോ ട്രീ എന്ന് പഠിപ്പിച്ച ദിവാകരന് മാഷ് മലയാളിയുടെ മനസ്സില്‍ ഇന്നും ചിരി നിറയ്ക്കുന്നുണ്ട്. ആവശ്യമായ വിദ്യാഭ്യാസമില്ലാതെ ജോല്ലിയില് പ്രവേശിക്കുന്ന ചില അധ്യാപകരെ കളിയാക്കുന്ന ഒരാളായി ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന ചിത്രത്തില്‍ എത്തിയ മോഹന്‍ലാല്‍ ചെപ്പ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, വെളിപാടിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളില്‍ എല്ലാം വ്യത്യസ്തതയാര്‍ന്ന അധ്യാപക വേഷങ്ങള്‍ അവതരിപ്പിച്ചു. കാമ്പസിലെ ഗുണ്ടാ ഗ്യാങ്ങി നോട് നിരന്തരം ഏറ്റുമുട്ടുന്ന രാമചന്ദ്രൻ എന്ന അധ്യാപകൻ വേറെ ഒരു തലത്തിലാണ് നിന്നത് …. എൺപതുകളിലെ കാമ്പസിൻ്റ ഫീൽ തരുന്ന ചെപ്പ് ഒരു ഇംഗ്ലീഷ് ചിത്രത്തിൻ്റെ വിദൂര അനുകരണ മായിരുന്നു എന്നതാണ് വാസ്തവം .. കാലം തെറ്റി പ്പിറന്ന ലൈഫ് ഈസ് ബ്യൂട്ടിഫുളിലെ അധ്യാപകൻ ഏറെക്കുറെ മില്ലേനിയത്തിലെ വിദ്യാർത്ഥികളുടെ ആഗ്രഹങ്ങളോട് ചേർന്നു നിൽക്കുന്ന ഒന്നായിരുന്നു .. ഏറെ കാലത്തിനു ശേഷം ലാൽ അധ്യാപക വേഷത്തിലെത്തിയ വെളിപാടിൻ്റെ പുസ്തകം മികച്ച അധ്യാപക സങ്കൽപ്പങ്ങളെ പങ്കുവെയ്ക്കുന്നു എന്ന ധാരണ പടർത്തി യാഥാസ്ഥിതിക ബോധങ്ങളെ സാധൂകരിച്ചെടുക്കുകയായിരുന്നു
സ്നേഹമുള്ള സിംഹം, തനിയാവര്‍ത്തനം, മഴയെത്തും മുന്‍പേ, ബെസ്റ്റ് ആക്ടർ മാസ്റ്റർ പീസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വ്യത്യസ്ത തലങ്ങളിലുള്ള അധ്യാപക വേഷങ്ങള്‍ മമ്മൂട്ടി ചെയ്തിട്ടുണ്ട്. ഇന്‍ഷര്‍ട്ട് ചെയ്ത് ടിപ്പ് ടോപ്പായി ഗേള്‍സ് കോളജിലേക്കെത്തുന്ന പ്രഫ.നന്ദകുമാര്‍, മനോഹരമായി ഇംഗ്ലീഷില്‍ സംസാരിച്ചുകൊണ്ട് പെണ്‍കുട്ടികളുടെ ഇഷ്ടപ്പെട്ട അധ്യാപകനായി മാറി. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ ആധ്യാപക വേഷത്തിന്റെ സ്വീകാര്യത അക്കാലത്തെ കോളേജ് കാമ്പസുകളില്‍ പ്രതിഫലിച്ചിരുന്നു. അയഞ്ഞ വേഷങ്ങളില്‍ നിന്നും ടിപ് ടോപ് വേഷങ്ങളിലേക്ക് കുട്ടികളും അധ്യാപകരും മാറിത്തുടങ്ങിയത് അതിനു ഉദാഹരണമാണ്. മലയാള സിനിമയുടെ സാമ്പ്രദായിക ബോധങ്ങളെ മഴയെത്തും മുൻപേയും പിന്തുടരുന്നുണ്ട്. മമ്മൂട്ടിയുടെ നന്ദകുമാർ ഉത്തമ നായകനാകുമ്പോൾ ശ്രീനിവാസൻ്റെ അധ്യാപക കഥാപാത്രം നിരന്തരമായി പരിഹാസങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്.
ജീവിക്കാനായി ആള്‍മാറാട്ടം നടത്തി അധ്യാപകനാകുന്ന മലപ്പുറം ഹാജി മഹാനായ ജോജിയിലെ ജോജി, മലയാളികളുടെ പ്രിയ താരം ജഗതിയുടെ അലിയാര് മാഷ്, സദാനന്ദന്റെ സമയത്തില്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന അധ്യാപകൻ സദാനന്ദൻ, വഴിതെറ്റിയ കുട്ടികളിൽ ലക്ഷ്യ ബോധം ഉണർത്തി ഒരു നാടിനു തന്നെ അഭിമാനമാകുന്ന മാണിക്യകല്ലിലെ വിനയ ചന്ദ്രൻ, താൽപ്പര്യമില്ലാതെ അധ്യാപക വൃത്തിയിലേക്ക് എത്തുകയും പിന്നീട് തിരിച്ചറിവ് നേടുകയും ചെയ്ത അനൂപ് എന്ന അധ്യാപകനായി എത്തിയ ജയസൂര്യയുടെ വാധ്യാർ, അനിൽകുമാർ ബൊക്കാറോയുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന മുകുന്ദൻ എന്ന അധ്യാപക കഥാപാത്രത്തെ അവതരിപ്പിച്ച 101 ചോദ്യങ്ങൾ , അടിമുടി വ്യാജനായ രവി പത്മനാഭൻ്റെ കാപട്യങ്ങളെ [വിനീത് ശ്രീനിവാസൻ ] അവതരിപ്പിച്ച തണ്ണീർമത്തൻ ദിനങ്ങൾ ,അനവധി കോംപ്ലക്സുകൾ ഉള്ള ശ്രീനിവാസൻ മാഷിൻ്റെ ജീവിതത്തെ ആവിഷ്ക്കരിച്ച തമാശ. ഉൾപ്പെടെ അനവധി ചിത്രങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയുന്നതാണ്.
അധ്യാപകരേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു ചെറിയ ചിരിയോടെ ഓര്‍ക്കാന്‍ സാധിക്കുന്ന അനവധി വേഷങ്ങളാണ് ജഗതി നമുക്ക് സമ്മാനിച്ചത്. സ്പീഡ് ട്രാക്കിലും ഒളിമ്പ്യന്‍ അന്തോണി ആദത്തിലുമെല്ലാമുള്ള അധ്യാപകരെ കണ്ട് പ്രേക്ഷകര്‍ വാതോരാതെ ചിരിച്ചിട്ടുണ്ട്. സത്യം വിളിച്ചു പറയാനായി പരക്കം പായുന്ന അലിയാര് മാഷും കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിച്ച് മത്സരത്തിന് കൊണ്ടുപോയി ഒടുവില്‍ തോറ്റ് തുന്നംപാടി വരുന്ന വട്ടോളി പൊറിഞ്ചുവും സ്പീഡ് ട്രാക്കിലെ കുഞ്ഞവറയും എല്ലാവരും ഓര്‍ത്തിരിക്കുന്ന അധ്യാപക വേഷങ്ങള്‍ തന്നെയാണ്.
മങ്കിപെന്നിലൂടെ കര്‍ക്കശക്കാരനും പിന്നീട് സൗമ്യശീലനുമായ അധ്യാപകനായി മാറിയ വിജയ് ബാബു, ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ ഫിസിക്കല്‍ ട്രെയിനര്‍ ആയി എത്തിയ ജോണ്‍ കൈപള്ളിൽ തുടങ്ങിയ വ്യത്യസ്ത അധ്യാപക കഥാപാത്രങ്ങളും തിരമലയാളത്തിൽ വന്നു കടന്നു പോയിട്ടുണ്ട്.. എന്നാൽ സമീപകാല സിനിമകളിൽ മലയാളികൾ ഏറ്റെടുത്ത അധ്യാപക വേഷങ്ങൾ മലർ മിസ്സിനെയും ജാവ സിമ്പിളാണ് പവര്ഫുള്ളുമാണെന്നു പഠിപ്പിച്ച വിമൽ സാറിനെയുമായിരുന്നു. ജോർജിനെ പ്രണയിച്ച മലരിനെയും പ്രണയാതുരനായി അപഹാസ്യനാകുന്ന വിമൽ മാഷിനേയും പ്രേമം അനശ്വരമാക്കി എന്നതാണ് യാഥാർത്ഥ്യം
വെള്ളിത്തിരയിലെ അധ്യാപക കഥാപാത്രങ്ങൾക്ക് യാർത്ഥ ജീവിതത്തിലെ അധ്യാപകരുമായി നേർസാമ്യങ്ങൾ ഉണ്ടാകണമെന്നില്ല എങ്കിൽ തന്നെയും ചില സ്വാധീനങ്ങളും അനുകരണങ്ങളും കണ്ടെത്തുവാൻ കഴിയും കുട്ടികളെ ഭയപ്പെടുത്തി നിശബ്ദരാകുന്ന അധ്യാപകർ മുതൽ നൻമയുടെ നിറകുടമായ അധ്യാപകർ വരെ വെള്ളിത്തിരയിൽ നിറഞ്ഞാടിയിട്ടുണ്ട് ….. ഒരു പക്ഷേ സൂപ്പർ താരങ്ങളുടെയും ജനപ്രിയ നായകൻമാരുടെയും കോമഡി അഭിനേതാക്കളുടെയും അധ്യാപക കഥാപാത്രങ്ങളേക്കാൾ കൂടുതൽ മലയാളി മനസിൽ നിൽക്കുന്ന കഥാപാത്രം തിലകൻ അനശ്വരമാക്കിയ ചാക്കോ മാഷാണ്. .. കണക്കിനു പിന്നോക്കമായ തോമസ് ചാക്കോയെ ചൂരലിനടിക്കുന്ന ,മുട്ടുമണിയുണ്ടാക്കിയതിന് മുട്ടിൻമേൽ നിർത്തുന്ന ,ബാലുവിൻ്റെ സീറ്റ് തുടപ്പിക്കുന്ന ,ഒടുവിൽ. മുറ്റത്തു പതിനെട്ടാം പട്ട തയ് വയ്ക്കുന്ന വ്യക്തിയായിരുന്നു ചാക്കോ മാഷ് .. അയാളൊരേ സമയം പരാജിതനായ അധ്യാപകനും പരാജിതനായ അച്ഛനുമായിരുന്നു .തിരിച്ചറിവുകൾക്കൊടുവിൽ ചാക്കോ മാഷ് ആടുതോമ യുടെ സ്നേഹ വാൽസല്യങ്ങളിലേക്ക് എത്തുന്നുവെങ്കിലും കുറ്റിക്കാടൻ്റെ വെടിയേറ്റ് മരണപ്പെടുന്നു ……
രശ്മി അനിൽകുമാർ
Post Your Comments