ബിബിൻ ജോർജ്, ധർമജൻ ബോൾഗാട്ടി, ജോണി ആന്റണി, അന്ന രേഷ്മ രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘തിരിമാലി’. ശിക്കാരി ശംഭുവിനു ശേഷം ഏയ്ഞ്ചൽ മരിയാ സിനിമാസിൻ്റെ ബാനറിൽ എസ്. കെ. ലോറൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ആദ്യഘട്ട ചിത്രീകരണം നേപ്പാളിലും, കുളുമണാലിയിലുമായി പൂർത്തീകരിച്ചിരിക്കുകയാണ്.
മുഴുനീള കോമഡി എന്റർടെയ്നർ വിഭാഗത്തിൽപെടുന്ന സിനിമയാണിത്. അലക്സും രാജീവ് ഷെട്ടിയും ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്.
സിനിമയുടെ അടുത്ത ലൊക്കേഷൻ ഇനി കൊച്ചിയിലാണ്. സലിംകുമാർ, ഇന്നസൻ്റ്, സോഹൻ സീനുലാൽ, കൊച്ചുപ്രേമൻ, നസീർ സംക്രാന്തി, അസീസ് പാലക്കാട്, തെസ്നി ഖാൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. അന്നാ രേഷ്മ രാജനാണ് നായിക.
കേരളത്തിൽ ചെറുകിട ലോട്ടറി കച്ചവടം നടത്തുന്ന ബേബി എന്ന യുവാവും തൻ്റെ ആത്മ സ്നേഹിതനായ പീറ്ററും നാട്ടിലെ പലിശക്കാരനായ അലക്സാണ്ടറും ഒന്നിച്ച് നേപ്പാളിലേക്കു ഒരു യാത്ര പോകുന്നതും, അവർ നേരിടേണ്ടി വരുന്ന സംഭവങ്ങളുമാണ് അത്യന്തം രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഇതിനിടയിലൂടെ സമൂഹത്തിലെ ജീവിതഗന്ധിയായ ചില സന്ദേശങ്ങളും ഈ ചിത്രം നൽകുന്നുണ്ട്.
ബേബിയെ ബിബിൻ ജോർജും, പീറ്ററിനെ ധർമ്മജൻ ബൊൾഗാട്ടിയും, അലക്സാണ്ടറെ ജോണി ആന്റണിയും അവതരിപ്പിക്കുന്നു. നേപ്പാളിലെ സൂപ്പർ നായിക സ്വസ്തിമാ കട്ക ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഒരു ഹിന്ദി ഗാനമുൾപ്പടെ നാലു ഗാനങ്ങളാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ബോളിവുഡ് ഗായികയായ സുനി ഡി ചൗഹാൻ ആണ് ഇതിലെ ഹിന്ദി ഗാനം ആലപിക്കുന്നത്. ഗാനങ്ങൾ അജീഷ് ദാസ്. സംഗീതം ബിജിപാൽ, ഫൈസൽ അലി ഛായാഗ്രഹണവും വി. സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം അഖിൽരാജ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ ഇർഷാദ് ചെറുകുന്ന്. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് മനേഷ് ബാലകൃഷ്ണൻ രതീഷ് മൈക്കിൾ. പ്രൊജക്റ്റ് ഡിസൈനർ ബാദ്ഷ. പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല.
വാഴൂർ ജോസ്.
Post Your Comments