തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘തലൈവി’. ബോളിവുഡ് നടി കങ്കണ റണാവത്താണ് ചിത്രത്തിൽ ജയലളിതയായി എത്തുന്നത്. സെപ്റ്റംബര്‍ 10ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്.
എന്നാല്‍ മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ ഉടമകള്‍ ചിത്രം റിലീസ് ചെയ്യാന്‍ താത്പര്യം കാണിക്കുന്നില്ല എന്നാണ് വിവരം. തലൈവിയുടെ തിയറ്റര്‍ റിലീസിന് രണ്ടാഴ്ച്ചക്ക് ശേഷം തന്നെ സിനിമ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യും. ഇതേ തുടര്‍ന്നാണ് മള്‍ടിപ്ലക്‌സ് ഉടമകള്‍ സിനിമ റിലീസ് ചെയ്യാൻ താൽപര്യം കാണിക്കാത്തത്
കുറഞ്ഞത് 4 ആഴ്ച്ചയെങ്കിലും സിനിമ തിയറ്ററില്‍ കളിച്ച ശേഷമെ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാവു എന്നാണ് മള്‍ടിപ്ലക്‌സ് ഉടമകളുടെ ആവശ്യം. ഇതിനെ തുടർന്ന് കങ്കണ തന്നെ ഇപ്പോൾ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഒടിടിയില്‍ ഡയറക്റ്റ് റിലീസിനുള്ള അവസരം ലഭിച്ചിട്ടും വേണ്ടെന്ന് വെച്ചു. ഇപ്പോള്‍ തിയറ്ററിന്റെ പിന്തുണയും ലഭിക്കുന്നില്ല. നാളെ തിയറ്ററില്‍ ആളുകള്‍ വരാതെ ഷോ നിര്‍ത്തേണ്ടി വന്നാലും നാല് ആഴ്ച്ച എന്ന തീരുമാനത്തില്‍ മള്‍ട്ടിപ്ലക്‌സ് ഉറച്ച് നില്‍ക്കുമോ എന്നും കങ്കണ ചോദിക്കുന്നു.
കങ്കണയുടെ വാക്കുകള്‍:
‘തലൈവി 90 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കപ്പെട്ട സ്ത്രീ കേന്ദ്രീകൃത സിനിമയാണ്. ഞങ്ങളെല്ലാം തന്നെ തിയറ്റര്‍ കാരണം ഉണ്ടായ വ്യക്തികളാണ്. അതിനാല്‍ തലൈവിയുടെ നിര്‍മ്മാതാക്കള്‍ തിയറ്ററുകളെ ഈ പ്രതിസന്ധിഘട്ടത്തില്‍ സഹായിക്കാനുള്ള തീരുമാനമാണ് സ്വീകരിച്ചത്. ഞങ്ങള്‍ നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഓഫര്‍ നിരസിച്ചു. പക്ഷെ തിയറ്ററിന്റെ പിന്തുണ ഞങ്ങള്‍ക്ക് ഉണ്ടാവില്ലെന്ന് ഒരിക്കലും കരുതിയില്ല. ദൈവം സഹായിച്ച് ഹിന്ദി ഭാഷയില്‍ മുടക്കിയ പണം തിരികെ ഞങ്ങള്‍ക്ക് ലഭിച്ചു. എന്നാല്‍ രണ്ടാഴ്ച്ച എന്ന സമയം തിയറ്റര്‍ ഉടമകള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്നില്ല. അവരുടെ കോണ്‍ട്രാക്റ്റ് അനുസരിച്ച് നാല് ആഴ്ച്ചയെങ്കിലും ചിത്രം തിയറ്ററില്‍ കളിക്കണം. ഹിന്ദി തിയറ്ററുകളുടെ കാര്യം നമുക്ക് അറിയാം.
പക്ഷെ സൗത്ത് ഇന്ത്യയില്‍ നാല് ആഴ്ച്ചയുടെ ഇടവേളയില്‍ നാല് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അവിടുത്തെ മള്‍ട്ടിപ്ലക്‌സും സിനിമ റിലീസ് ചെയ്യാന്‍ തയ്യാറാവുന്നില്ല. അവര്‍ വലിയ സ്റ്റുഡിയോസിന്റെ പേര് പറഞ്ഞ് അവര്‍ അതിന് അനുവദിക്കില്ലെന്ന് പറയുകയാണ്. ചില സ്റ്റുഡിയോകള്‍ പറയുന്നത് കേട്ട് അവര്‍ സ്വതന്ത്രരായ നിര്‍മ്മാതാക്കളെ തകര്‍ക്കുകയാണ്. നാളെ അവര്‍ക്ക് പ്രേക്ഷകരുടെ എണ്ണത്തില്‍ കുറവ് വന്ന ഷോ കാന്‍സല്‍ ചെയ്യേണ്ടി വന്നാലും ഇതേ കോണ്‍ട്രാക്റ്റ് പിടിച്ച് ഇരിക്കുമോ? മള്‍ട്ടിപ്ലക്‌സ് ഉടമകള്‍ ഗാങ്കിസവും ഗ്രൂപ്പിസവും വിട്ട് പ്രേക്ഷകരെ തിയറ്ററില്‍ എത്തിക്കാനുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്.’
Post Your Comments