പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും നവ്യ നായരും. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനൻ, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ, പാണ്ടിപ്പട, കല്യാണരാമൻ തുടങ്ങി ഇരുവരും ജോഡികളായി എത്തിയ എല്ലാ സിനിമകളും ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ നവ്യയെ കുറിച്ച് മഴവിൽ മനോരമയുടെ ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ദിലീപ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
നവ്യയെ ആദ്യമായി കണ്ട അന്ന് തൊട്ട് ഇന്നുവരെ ഒരു മാറ്റവുമില്ലെന്നും, സീനിയേഴ്സിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് നവ്യ എന്നും ദിലീപ് പറയുന്നു.
ദിലീപിന്റെ വാക്കുകൾ:
നവ്യയെ ആ സിനിമയിലേക്ക് തെരഞ്ഞെടുക്കുന്നത്, എന്റെ മുൻപിൽ നവ്യ മുൻപ് അഭിനയിച്ച ഒരു മോണോ ആക്റ്റിന്റെ വീഡിയോ കാസറ്റ് കൊണ്ടുവരുന്നത് സിദ്ദു പനക്കൽ എന്ന കൺട്രോളർ ആണ്. സിബി സാർ ദിലീപ് ഈ കാസറ്റ് ഒന്ന് കാണുമോ ഇതിൽ ഒരു കുട്ടിയുണ്ട്. ഞങ്ങൾക്ക് ഓക്കേ ആണ്. നിങ്ങൾക്കും കൂടി ഓക്കേ ആണോ എന്ന് നോക്കാനായി അദ്ദേഹം പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു സാറൊക്കെ അല്ലെ തെരഞ്ഞെടുക്കുക എന്ന്. അപ്പോൾ അങ്ങനെയല്ല, ഈ വീഡിയോ ഒന്ന് കാണാൻ ആണ് അദ്ദേഹം പറഞ്ഞത്. കാസറ്റ് കണ്ടു തുടങ്ങിയപ്പോൾ നവ്യയിൽ ഒരു നടി ഉറങ്ങി കിടക്കുന്നുണ്ട് എന്ന് തോന്നി. അത് ഇങ്ങനെ ഉണരാൻ പോകുന്നു എന്ന് തോന്നി. അപ്പോൾ തന്നെ സിബി സാറിനെ വിളിക്കുകയും ചെയ്തു. ഭാവിയിൽ വലിയ ഒരു കലാകാരി ആകാനുള്ള ആളാണ് ഈ കാസറ്റിനുള്ളിൽ ഉള്ളതെന്ന് അന്ന് തന്നെ ഞാൻ അദ്ദേഹത്തോട് പറയുകയും ചെയ്തു. നമ്മുടെ സിനിമയ്ക്ക് ഓക്കേ ആണ് എന്ന് പറയുകയും നവ്യ ഇഷ്ടത്തിലേക്ക് എത്തുകയും ചെയ്തു.
അന്ന് നവ്യയെ കാണുന്ന ആ നിമിഷം മുതൽ ഏറ്റവും ഒടുവിൽ കാണുന്ന നിമിഷം വരെ ആദ്യം എങ്ങനെയാണോ ആ സ്നേഹവും ബഹുമാനവും അത് അതേപോലെ തരുന്ന ആളാണ് നവ്യ. ഞാൻ ഇടക്കിടയ്ക്ക് ഇത് പറയാറുണ്ട്, നമ്മൾ സീനിയേഴ്സ് എന്ന നിലയിൽ നവ്യ തരുന്ന ബഹുമാനം അത് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. അത് ഇന്നും നഷ്ട്ടപെട്ടിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. വീണ്ടും നവ്യ അഭിനയിക്കാൻ വരുന്നു എന്ന് അറിയുന്നു. വീണ്ടും വലിയ വലിയ ബഹുമതിയും അംഗീകാരങ്ങളും നവയെ തേടി എത്തട്ടെ എന്നും ദിലീപ് പറഞ്ഞു.
Post Your Comments