വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കി പ്രഖ്യാപിച്ച സിനിമയില്‍ നിന്നും സംവിധായകന്‍ ആഷിക് അബുവും നായക കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്ന പൃഥ്വിരാജും പിന്മാറിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരെയും വിമർശിച്ചും പരിഹസിച്ചും രാഷ്ട്രീയരംഗത്ത് നിന്ന് ഉൾപ്പടെ നിരവധിപേർ രംഗത്തെത്തിയിരുന്നു. എന്നാൽ പൃഥ്വിരാജും ആഷിക്കും പിന്മാറിയെങ്കിലും സിനിമ ഉപേക്ഷിച്ചിട്ടില്ല എന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
സിനിമ രണ്ട് ഭാഗങ്ങളായി പുറത്തെത്തുമെന്നും അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും പിന്നീട് പ്രഖ്യാപിക്കുമെന്നും കോംപസ് മൂവീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കോംപസ് മൂവീസ് ലിമിറ്റഡിന്‍റെ ബാനറില്‍ സിക്കന്തര്‍, മൊയ്‍തീന്‍ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
2020 ജൂണില്‍ പ്രഖ്യാപനം നടന്ന ചിത്രമാണിത്. മലബാര്‍ കലാപത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രഖ്യാപനസമയത്ത് അറിയിച്ചിരുന്നത്. ഹര്‍ഷദ്, റമീസ് എന്നിവരെയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തന്‍റെ ചില മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ രാഷ്ട്രീയത്തിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെട്ടതോടെ റമീസ് പ്രോജക്റ്റില്‍ നിന്നും പിന്മാറിയിരുന്നു. ഇതിനു പിന്നാലെയാണ് നിര്‍മ്മാതാവുമായുള്ള തർക്കത്തെ തുടർന്ന് സിനിമയിൽ നിന്ന് പിന്മാറുകയാണെന്ന് ആഷിക് അബു അറിയിച്ചത്.
Post Your Comments