കോവിഡ് കാലത്ത് ജനത്തിന്റെ സിനിമാ കാഴ്ചകൾ വീടുകളിലേക്കു ചുരുങ്ങിയതോടെയാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ സജീവമാകാൻ തുടങ്ങിയത്. മലയാളത്തിൽ മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടെ തുടങ്ങിയത് ഏകദേശം 15 ഒടിടി പ്ലാറ്റ്ഫോമുകളാണ്. തിയറ്ററുകൾ തുറക്കാത്ത സിനിമ മേഖലയ്ക്ക് നഷ്ടമാണെങ്കിൽ കൂടിയും കോവിഡ് കാലത്ത് സിനിമയെ പിടിച്ചു നിർത്തിയത് ഒടിടി പ്ലാറ്റ്‌ഫോമുകൾ തന്നെയാണ്. കോവിഡ് മാറി തിയറ്ററുകൾ തുറന്നാലും ഒടിടിയുടെ സ്ഥാനത്തിന് ഒരു മാറ്റവും ഉണ്ടായേക്കില്ല എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ സിനിമയുടെ ഭാവി ഇനി ഒടിടിയിൽ ആണോ എന്നതിനെ കുറിച്ച് നടൻ മോഹൻലാൽ പറയുന്നത് എന്താണെന്ന് നോക്കാം. റെഡിഫ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് മോഹൻലാൽ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ഒടിടി തീര്‍ച്ഛയായും സിനിമകളുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു മാര്‍ക്കറ്റ് ആണ്. എന്നാൽ സിനിമകൾക്ക് തിയറ്ററുകൾ ആവശ്യമാണ്. സിനിമ തിയറ്ററുകളിലേക്ക് തിരിച്ചുവന്നേ തീരൂ എന്നും മോഹൻലാൽ പറയുന്നു. തന്റെ മരക്കാർ സിനിമ തിയറ്ററിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളൂ എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
‘വലിയ സ്ക്രീനിനുവേണ്ടിയുള്ള മാധ്യമമാണ് സിനിമ. ചലച്ചിത്ര നിര്‍മ്മാണത്തിനുള്ള സാങ്കേതികവിദ്യകളിലൊക്കെ വിപ്ലവകരമായ മാറ്റം നടന്നിട്ടുണ്ട്. ഒടിടി തീര്‍ച്ഛയായും സിനിമകളുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു മാര്‍ക്കറ്റ് ആണ്. ഒടിടിയിലൂടെ റിലീസ് ചെയ്യപ്പെട്ട പല ചിത്രങ്ങളും ആ പ്ലാറ്റ്ഫോമിനുവേണ്ടി, അവിടുത്തെ പ്രേക്ഷകരെ മനസ്സില്‍ കണ്ടുകൊണ്ട് നിര്‍മ്മിക്കപ്പെട്ടവയാണ്. പക്ഷേ തിയറ്ററുകള്‍ തീര്‍ച്ഛയായും തിരിച്ചുവരും. മരക്കാര്‍ ഒരു ബിഗ് ബജറ്റ് പിരീഡ് സിനിമയാണ്. ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്‍ത്, ചെറിയ സ്ക്രീനുകളിലൂടെ ആസ്വദിക്കാവുന്ന ചിത്രമല്ല അത്. അതിനാല്‍ റിലീസ് ചെയ്യാനുള്ള സമയത്തിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കുകയാണ് ഞങ്ങള്‍. അത് സംഭവിക്കും. പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ അത് സംഭവിക്കുകയും ചെയ്യും. സിനിമ തിയറ്ററുകളിലേക്ക് തിരിച്ചുവന്നേ തീരൂ’, മോഹന്‍ലാല്‍ പറഞ്ഞു.
Post Your Comments