ആദ്യ സീരിയലിൽ തന്നെ പുരസ്‌കാരം: സന്തോഷം പങ്കുവെച്ച് റാഫി

ചക്കപ്പഴത്തിൽ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് റാഫി പുരസ്‍കാരം സ്വന്തമാക്കിയത്

29ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച നടിക്കും മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം ഇത്തവണ ചക്കപ്പഴം താരങ്ങൾക്കായിരുന്നു. മികച്ച നടിയായി അശ്വതി ശ്രീകാന്ത് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുക്കപ്പെട്ടത് റാഫിയാണ്. ഇരുവരുടെയും ആദ്യ സീരിയലുകളാണ് ഇത്.

ചക്കപ്പഴത്തിൽ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് റാഫി പുരസ്‍കാരം സ്വന്തമാക്കിയത്. സരസമായ ശൈലിയിൽ നിരുത്തരവാദപരമായി പെരുമാറുന്ന യുവാവിനെയാണ് ഹാസ്യ പരമ്പരയായ ചക്കപ്പഴത്തിൽ റാഫി അവതരിപ്പിച്ചത്. പരമ്പര തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ വലിയ ആരാധകരെ സ്വന്തമാക്കാൻ റാഫിക്ക് സാധിച്ചിരുന്നു. ടിക് ടോക് വീഡിയോകളിലൂടെ ആയിരുന്നു റാഫി പരമ്പരയിലേക്ക് എത്തിയത്.

ഇപ്പോഴിതാ അവാർഡ് ലഭിച്ച സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുമേഷ്. ‘എല്ലാവർക്കും നന്ദി, സുമേഷ് എന്ന കഥാപാത്രം വിശ്വസിച്ച് എന്നെ ഏൽപ്പിച്ച ഡയറക്ടർ ഉണ്ണി സാറിനും എന്നെ പിന്തുണയ്ക്കുന്ന എല്ലാ പ്രേക്ഷകർക്കും നന്ദി, ചക്കപ്പഴം കുടുംബത്തിനും വീട്ടുകാർക്കും കൂടെ നിന്ന കൂട്ടുകാർക്കും ഒരായിരം നന്ദി. എന്റെ കൂടെ അവാർഡ് ലഭിച്ച എല്ലാവർക്കും ആശംസകൾ, കൂടെ സുമേഷിന്റെ ചേട്ടത്തിക്കും.’- റാഫി കുറിച്ചു.

Share
Leave a Comment