ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ വെബ്സീരീസാണ് മണി ഹെയ്സ്റ്റ്. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന അഞ്ചാം സീസണിന്റെ ഭാഗം 1 എത്താൻ ഇനി മണിക്കൂറുകൾ മാത്രം. സെപ്റ്റംബർ 3ന് സംപ്രേഷണം ചെയ്യുമെന്നാണു നെറ്റ്ഫ്ലിക്സിന്റെ അറിയിപ്പ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12: 30 നാണ് റിലീസ്.
പത്ത് എപ്പിസോസുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹീസ്റ്റിന് അവസാനമാകുമെന്ന് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. സീരീസിലെ ഏറ്റവും സംഘര്‍ഷഭരിതമായ എപ്പിസോഡുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. അഞ്ചാം സീസണ് രണ്ടാംഭാഗം ഡിസംബര്‍ 3 ന് റിലീസ് ചെയ്യും.
അന്വേഷണ ഉദ്യോഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി അദ്ദേഹത്തിന് നേരേ തോക്ക് ചൂണ്ടി നില്ക്കുന്നതോടെയാണ് 4-ാമത്തെ സീസണ് അവസാനിച്ചത്.
2017 ലാണ് മണി ഹീസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് ലാ കാസ ഡി പാപ്പല്‍’ എന്ന പേരില്‍ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ് വര്‍ക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്. 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്പെയ്നില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്ളിക്സ് സീരിസ് ഏറ്റെടുത്ത് ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്ത് മണി ഹെയ്സ്റ്റ് എന്ന പേരില്‍ പുറത്തിറക്കിയതോടെ ഏവരെയും ഞെട്ടിച്ചുകൊണ്ട് സീരിസ് ലോക പ്രശംസ നേടുകയായിരുന്നു.
2020 ല്‍ നാലാം സീസണിലെത്തിയപ്പോള്‍ ലോകത്തില്‍ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് മണി ഹെയ്സ്റ്റ് എത്തി. ഈ പട്ടികയിലേക്ക് എത്തുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സീരീസ് കൂടിയാണ് സ്പാനിഷ് സീരിസായ ലാ കാസ ഡി പാപ്പല്‍.
Post Your Comments