GeneralLatest NewsMollywoodNEWS

സംവിധായകനും നടനുമായ കെ.പി. പിള്ള അന്തരിച്ചു

വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം

തിരുവനന്തപുരം: സിനിമാ, നാടക സംവിധായകനും നടനുമായ നാവായിക്കുളം പാലാഴിയില്‍ കെ.പി.പിള്ള (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 1970 ല്‍ രാമു കാര്യാട്ടിന്റെ അഭയം എന്ന സിനിമയില്‍ സഹസംവിധായകനായി സിനിമാരംഗത്ത് വന്ന അദ്ദേഹം 1971-ല്‍ മധുവിന്റെ പ്രിയ എന്ന സിനിമയിലും തുടര്‍ന്ന് മയിലാടുംകുന്ന്, ഇന്‍ക്വിലാബ് സിന്ദാബാദ്, പണിതീരാത്ത വീട്, ആദ്യത്തെ കഥ എന്നീ സിനിമകളിലും സഹസംവിധായകനായി.

1974ല്‍ നഗരം സാഗരം സംവിധാനം ചെയ്തു. 1975 ല്‍ വൃന്ദാവനം 1977-ല്‍ അഷ്ടമുടിക്കായല്‍, 1978 ല്‍ കതിര്‍ മണ്ഡപം, 1980 ല്‍ പാതിരാ സൂര്യന്‍, 1981-ല്‍ പ്രിയസഖി രാധ എന്നീ സിനിമകളും സംവിധാനം ചെയ്തു.

വര്‍ക്കല ശിവഗിരി, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസാനന്തരം 21 വര്‍ഷം ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍ കാണ്‍പുര്‍, അംബാല, അലഹാബാദ്, തമിഴ്‌നാട്ടിലെ താംബരം എന്നിവിടങ്ങളില്‍ മലയാള നാടക സംവിധായകനായും നടനായും പ്രവര്‍ത്തിച്ചു.

shortlink

Post Your Comments


Back to top button