ഹോം സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയവർക്ക് മറുപടിയുമായി നടി ഷിബ്ല. മഞ്ജു പിള്ളയുടെ കുട്ടിയമ്മ എന്ന കഥാപാത്രം അടുക്കളയിലും വീട്ടിലുമായി തളയ്ക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഇവർ ചൂണ്ടിക്കാട്ടുന്ന പ്രശ്നം. സിനിമകളിലെ പൊളിറ്റിക്കല്‍ കറക്ട്നെസ് പേടിച്ച് ആളുകൾ മാളത്തില്‍ ഒളിച്ചിരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴെന്ന് ഷിബ്ല അഭിപ്രായപ്പെടുന്നു. ഒരു സിനിമ പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് ചിന്തിക്കാൻ പോലും ഇക്കൂട്ടർ സമയം കണ്ടെത്തുന്നില്ലെന്നും നടി പറയുന്നു. ‘ഫെമിനിസ്റ്റ് തീവ്രവാദികൾ’ എന്ന് ഒരു വിഭാഗത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു നടിയുടെ കുറിപ്പ്.
ഷിബ്ലയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം:
ഫെമിനിസ്റ്റ് തീവ്രവാദികളെ കുറിച്ചാണ് ഈ കുറിപ്പ്. സിനിമ, അതാണല്ലോ ഇവരുടെ ഇപ്പോഴത്തെ പടനിലം. ഒരു സിനിമ പൊളിറ്റിക്കലി കറക്ട് ആകുന്നതിനും മുമ്പ് ആ സിനിമ എൻഗേജിങ്ങും രസകരവും ആവണം എന്ന പക്ഷക്കാരിയാണ് ഞാന്‍; സിനിമ പൊളിറ്റിക്കലി കറക്ട് ആയില്ലെങ്കിലും പൊളിറ്റിക്കലി റോങ് ആവരുതെന്നും. ഇതിപ്പോ, പൊളിറ്റിക്കല്‍ കറക്ട്നെസ് പേടിച്ച് ആളുകൾ മാളത്തില്‍ ഒളിക്കേണ്ട അവസ്ഥയാണ്. ഒരു സിനിമ പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്നു പോലും ഇക്കൂട്ടര്‍ക്ക് നോട്ടമില്ല.
ഭര്‍ത്താവ് വേണ്ടെന്ന് പറഞ്ഞിട്ടും, ബോഡി ഷെയ്മിങ് നടത്തിയിട്ടും ഭര്‍ത്താവിന്റെ പുറകേ പോയി എന്ന ചീത്തപ്പേര് ഞാന്‍ അഭിനയിച്ച കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ കഥാപാത്രമായ കാന്തിക്ക് ഉണ്ട്. ശരിയാണ്. കാന്തിക്ക് പകരം ഞാന്‍ ആയിരുന്നെങ്കില്‍ പോടാ പുല്ലേ എന്നുതന്നെ പറയുമായിരുന്നു. ഞാന്‍ ചെയ്യുന്നത് തന്നെ എന്റെ കഥാപാത്രങ്ങളും ചെയ്താല്‍ എല്ലാ കഥാപാത്രങ്ങളും ഒന്നു തന്നെ ആവില്ലേ.! ഞാന്‍ ഒരു ആത്മാവില്ലാത്ത അഭിനേത്രി ആവില്ലേ! എത്ര വ്യത്യസ്തരായ മനുഷ്യരാണ് ഈ ഭൂമുഖത്ത് ഉള്ളത്. എനിക്ക് വേണ്ടതല്ല കാന്തിക്ക് വേണ്ടത് എന്നും, അവള്‍ക്ക് വേണ്ടത് നേടാന്‍ അവള്‍ക്ക് എന്തും ചെയ്യാം എന്നും, ചോയ്സ് എന്ന് വിശേഷിപ്പിക്കുന്നത് അതിനെയാണ് എന്നും ഞാന്‍ കരുതുന്നു.
കാന്തി, നിങ്ങള്‍ കുമ്പളങ്ങിയിലെ ബേബി മോളേയും ഏദന്‍ തോട്ടത്തിലെ മാലിനിയേയും കണ്ടില്ലേ എന്ന് ചോദിച്ചവരോട്, ഞാന്‍ അവരെ മാത്രമല്ല, ഞാന്‍ എന്റെ ഉമ്മയേയും അപ്പുറത്തെ വീട്ടിലെ കല്യാണിയെയും തൊട്ടടുത്ത വീട്ടിലെ ആന്‍സിയേയും രസിയെയും കാണാനും മനസ്സിലാക്കാനും ശ്രമിക്കാറുണ്ട് എന്നുത്തരം. കാന്തി പോടാ പുല്ലേ എന്നും പറഞ്ഞ്, നാളെ ഡോക്ടറും മറ്റന്നാള്‍ കലക്ടറും ആയി സ്വന്തം ബിഎംഡബ്ല്യു കാറില്‍ വന്ന് അമ്മിണിപ്പിള്ളയെ അസൂയപ്പെടുത്തണമെന്ന് നിങ്ങള്‍ വിചാരിക്കരുത്.
ആരെന്തു ചെയ്യണമെന്ന് ഈ കൂട്ടാരാണല്ലോ ഇപ്പോള്‍ തീരുമാനിക്കുന്നത്. എല്ലാവരും പഠിച്ച് പത്രോസാവണമെന്നും ബോസി ആവണമെന്നും തീരുമാനിക്കാന്‍ നിങ്ങള്‍ ആരാണ്. വീട്ടുകാര്യങ്ങള്‍ അതി മനോഹരമായി ചെയ്യുന്ന, അതില്‍ അതീവ മിടുക്കുള്ള സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. അത് സ്വന്തം ചോയ്സ് ആയിരിക്കണം എന്ന് മാത്രം. ഇതെഴുതാനുള്ള കാരണം ഹോം എന്ന സിനിമയാണ്. കുട്ടിയമ്മയും സിനിമയിലെ സ്ത്രീകഥാപാത്രങ്ങളും സ്ത്രീ സമൂഹത്തിന് നാണക്കേടാണ് പോലും. ശരിക്കും?
കുട്ടിയമ്മയ്ക്ക് എന്താണ് കുഴപ്പം, അവര്‍ക്ക് ആവശ്യം എന്ന് തോന്നുന്നിടത്ത് അവര്‍ പ്രതികരിക്കുന്നുണ്ട്, നിങ്ങള്‍ക്ക് ആവശ്യം ഉള്ളിടത്ത് എല്ലാം അവര്‍ എങ്ങനെ പ്രതികരിക്കും.?
അവര്‍ വീട്ടിലെ ജോലി ചെയ്യുന്നത് കണ്ട് ഫെമിനിസ്റ്റ് തീവ്രവാദികള്‍ പൊട്ടിക്കരയുകയാണ്.. സുഹൃത്തുക്കളേ പൊട്ടിക്കരയുകയാണ്.! അപ്പന്റെ മൂത്രം തുടയ്ക്കുന്ന മകനും ഫ്രിജ് ഒതുക്കാന്‍ സഹായിക്കുന്ന ഭര്‍ത്താവും വരെ നമ്മള് എത്തിയില്ലേ, കുറച്ച് സമയം കൊടുക്കെന്നേ. നാലാം ക്ലാസ്സുവരെ പഠിച്ച എന്റെ ഉമ്മാമയും പത്താം ക്ലാസുകാരി അമ്മയുമാണ് ഞാന്‍ ഇന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും എംപവേഡ് ആയ സ്ത്രീ രത്നങ്ങള്‍.
empowerment doens’t have to be loud. സ്മാർട് ഫോൺ ഉപയോഗിക്കാന്‍ അറിയുന്നതും ഭര്‍ത്താവിനെ ബോസ് ചെയ്യുന്നതും എംപവർമെന്റിന്റെ അളവു കോലല്ലെന്നാണ് എന്റെ അഭിപ്രായം, ഒരുതരം റോൾ റിവേർസൽ ആണ് ഫെമിനിസം എന്നാണ് മിക്കവാറും ധരിച്ചു വച്ചിരിക്കുന്നത്, ഇതുവരെ സ്ത്രീകള്‍ അനുഭവിച്ചത് ഇനി പുരുഷന്മാര് അനുഭവിക്കട്ടെ എന്നൊരു ഭാവം. കുട്ടിയമ്മ ഒരു Empowerd Woman ആണ്, ആവശ്യത്തിന് ശബ്ദമുയര്‍ത്തുകയും ആവശ്യത്തിന് എംപതിയും ഉള്ള സ്ത്രീ പൊളിറ്റിക്കൽ കറക്ടനസിനു വേണ്ടി മാത്രം സിനിമ എടുക്കേണ്ട അവസ്ഥയിലേക്ക് നമ്മുടെ സംവിധായകരെ നിങ്ങള്‍ തള്ളിവിടരുത്. വളരെ ഫോഴ്സ്ഡ് ആയ, ഒട്ടും ഓർഗാനിക് അല്ലാത്ത സിനിമകളിലേക്കാണ് അത് നമ്മളെ എത്തിക്കുക. പ്രിയദര്ശന് സിനിമകള്‍ നോക്കൂ, ആവേശപ്പെടുത്തുന്നതും രസകരവുമായ സിനിമകള്‍ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും നമ്മള് ആഘോഷിക്കുന്നില്ലേ. സിനിമ മറ്റെന്തിനും അപ്പുറം വിനോദമാണ്.
Post Your Comments