ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. ഇപ്പോഴിതാ സിനിമ 2022 ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ലെറ്റ്സ് ഒടിടി ഗ്ലോബലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രം 2021 ജനുവരിയില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യപനത്താല് റിലീസ് മാറ്റിവെക്കുകയായിരുന്നു. ചിത്രം തിയറ്ററില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുക. 10 ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക. നിലവില്‍ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ വന്നിട്ടില്ല.
ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ആര്‍ആര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂര്‍ണ രൂപം ‘രുധിരം രണം രൗദ്രം’ എന്നാണ്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവര്‍. രാം ചരണ്‍ ചിത്രത്തില്‍ അല്ലൂരി സാതാരാമ രാജു ആയി എത്തുമ്പോള്‍ ജൂനിയര്‍ എന്‍ടിആറാണ് വെള്ളിത്തിരയില്‍ കോമരം ഭീം ആയി പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗണ് എന്നിവരും പ്രത്യക്ഷപ്പെടുന്നു. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര് ജോണ്‍സാണ് ചിത്രത്തില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്.ഒ ആതിര ദില്‍ജിത്.
Post Your Comments