നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന പുതിയ ചിത്രമാണ് ‘ആപ് കൈസേ ഹോ’. നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രം അംജൂസ് എബൗവ് വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്നു. ഒരു ബാച്ചിലർ പാർട്ടിക്കിടയിൽ സുഹൃത്തുക്കൾക്കിടയിൽ അരങ്ങേറുന്ന ചില പാരവയ്പ്പുകളും അതിനോടനുബന്ധിച്ച് അരങ്ങേറുന്ന സംഭവങ്ങളുമാണ് നർമ്മമുഹൂർത്തങ്ങളിലൂടെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ലൗ ആക്-ഷൻ ഡ്രാമാ, പ്രകാശൻ പറക്കട്ടെ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തിലെ പ്രമുഖ സംവിധായകരായ ജി.മാർത്താണ്ഡൻ, ജുഡ് ആൻ്റണി ജോസഫ്, മിഥുൻ മാനുവൽ തോമസ്, തോമസ് സെബാസ്റ്റ്യൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ പ്രധാന സഹായിയായി പ്രവർത്തിച്ചിരുന്നയാളാണ് വിനയ് ജോസ്.
ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജുക്കുറുപ്പ്, രമേഷ് പിഷാരടി ദിവ്യദർശൻ, ധർമ്മജൻ ബൊൾഗാട്ടി, സുധീഷ്, അവതാരകൻ കൂടിയായ ജീവ, സുരഭി സന്തോഷ്, എന്നിവർക്കൊപ്പം ശ്രീനിവാസനും ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സുരഭി സന്തോഷാണ് നായിക. സ്വാതി ദാസിൻ്റെ വരികൾക്ക് ഡോൺ വിൻസൻ്റ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. അഖിൽ ജോർജ് ഛായാഗ്രഹണവും നൗഷാദ് യൂസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം അസിസ് കരുവാരക്കുണ്ട്.
കോസ്റ്റ്യും ഡിസൈൻ ഷാജി ചാലക്കുടി. മേക്കപ്പ് വിപിൻ ഓമശ്ശേരി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ദിനിൽ ബാബു. പ്രൊഡക്ഷൻ കൺട്രോളർ. സജീവ്ചന്തിരൂർ. സെപ്റ്റംബർ ആറുമുതൽ കൊച്ചിയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാഴൂർ ജോസ്.
Post Your Comments