Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWSWorld Cinemas

‘കാൽ മുറിച്ചുകളയേണ്ടി വരുമോ എന്ന് ഭയപ്പെട്ടു’: കാൻസറിനെ അതീജീവിച്ചതിനെ കുറിച്ച് ആരാധകരുടെ ‘പ്രൊഫസർ’

മരണത്തെ മുഖാമുഖം കണ്ട ദിനങ്ങളായിരുന്നു അതെന്നാണ് അല്‍വാരോ പറയുന്നത്

മണി ഹെയ്സ്റ്റ് എന്ന ഒറ്റ വെബ്‌സീരീസിലൂടെ തന്നെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് സ്പാനിഷ് നടന്‍ അല്‍വാരോ മോര്‍ട്ടെ. നെറ്റ്ഫ്‌ളിക്‌സിലൂടെ പ്രദർശനത്തിനെത്തിയ പരമ്പരയിലെ അതിബുദ്ധിമാനായ നായകൻ ‘പ്രൊഫസര്‍’ പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. എന്നാൽ ലോകശ്രദ്ധ പിടിച്ചുപറ്റി നിൽക്കുന്ന ഈ നടന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. പല പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുവന്ന അദ്ദേഹം ക്യാൻസർ എന്ന മഹാരോഗത്തെയും അതിജീവിച്ചാണ് ഇന്ന് ഏവരുടെയും പ്രൊഫസറായി മാറിയത്.

2002 ലാണ് അല്‍വാരോ മോര്‍ട്ടെ ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2007 ല്‍ സ്പാനിഷ് സിനിമയിലും. എന്നാല്‍ പിന്നീട് സിനിമയില്‍ അവസരങ്ങളൊന്നും അദ്ദേഹത്തെ തേടിയെത്തിയില്ല. ടെലിവിഷന്‍ സീരിയലുകളുമായി അഭിനയ ജീവിതം മുന്നോട്ട് പോകവെയാണ് കാന്‍സര്‍ ബാധിക്കുന്നത്. ഇടതുകാലിലായിരുന്നു രോഗബാധ. എന്നാല്‍ അര്‍ബുദത്തെ തോല്‍പ്പിച്ച് അല്‍വാരോ മോര്‍ട്ടെ ശക്തമായി തിരിച്ചെത്തി.

മരണത്തെ മുഖാമുഖം കണ്ട ദിനങ്ങളായിരുന്നു അതെന്നാണ് അല്‍വാരോ പറയുന്നത്. താന്‍ മരിക്കുമെന്നോ, കാല്‍ മുറിച്ചു മാറ്റേണ്ടി വരുമെന്നോ വിചാരിച്ചിരുന്നതായും അദ്ദേഹം പറയുന്നു. തന്റെ ആശങ്കകള്‍ അറിയിച്ചപ്പോള്‍, മരിക്കാന്‍ സമയം ആയിട്ടില്ലെന്നും ജീവിക്കാന്‍ ഇനിയും ഒരുപാട് സമയമുണ്ടെന്നുമായിരുന്നു ഡോക്ടര്‍ നല്‍കിയ മറുപടി. താല്‍കാലികമായ ആരോഗ്യ പ്രശ്‌നം എന്നായിരുന്നു അദ്ദേഹം ട്യൂമറിനെ വിശേഷിപ്പിച്ചതെന്നും അല്‍വാരോ പറയുന്നു.

‘മരിക്കാന്‍ പോവുകയാണെന്നാണ് ആദ്യം ഞാന്‍ വിചാരിച്ചത്. കാല്‍ മുറിച്ച് കളയേണ്ടി വരുമെന്നും ആശങ്കപ്പെട്ടു. മാസങ്ങള്‍ക്കുള്ളില്‍ മരിക്കുകയാണെങ്കില്‍, എനിക്കത് സമാധാനത്തോടെ സ്വീകരിക്കാന്‍ കഴിയുമോ എന്ന് ഞാനപ്പോള്‍ ചിന്തിച്ചു, എന്നെ സ്‌നേഹിച്ച ചുറ്റുമുള്ളവരെ ബഹുമാനിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടോ എന്നും, എന്റെ മൂല്യങ്ങളോട് ഞാന്‍ വിശ്വസ്തത കാണിച്ചിട്ടുണ്ടോ എന്നും ചിന്തിച്ചു.’ കാന്‍സറിനെ തോല്‍പ്പിച്ച ശേഷം തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാന്‍ തുടങ്ങിയെന്നും അല്‍വാരോ പറയുന്നു’.

2020 ല്‍ നാലാം സീസണിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് മണി ഹെയ്സ്റ്റ് എത്തിക്കഴിഞ്ഞു. ഇനി അഞ്ചാമത്തെ സീസണിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അഞ്ചാം സീസണ്‍ ആദ്യഭാഗം സെപ്തംബര്‍ 3 നും രണ്ടാം ഭാഗം ഡിസംബര്‍ 3 നും റിലീസ് ചെയ്യും.

shortlink

Post Your Comments


Back to top button