ചലച്ചിത്ര നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദിന്റെ വിടവാങ്ങൽ ഏവരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കുറച്ച് കാലങ്ങളായി തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നൗഷാദ് ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ഒരാഴ്ചയ്ക്ക് മുൻപാണ് അദ്ദേഹത്തിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. രോഗങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന നൗഷാദിനെ ഭാര്യയുടെ മരണം വലിയ ആഘാതമുണ്ടാക്കിയിരുന്നു. പിന്നാലെ പതിമൂന്ന് വയസ്സുകാരിയായ ഏക മകൾ നഷ്വയെ തനിച്ചാക്കി അദ്ദേഹവും ഈ ലോകത്തോട് വിട പറഞ്ഞു.
മാതാവിന്റെ മരണം നല്കിയ മാനസികാഘാതത്തിലായിരുന്നു നഷ്വ. എങ്കിലും പിതാവ് ആരോഗ്യവാനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആ കുഞ്ഞുമകൾ. ഒടുവിൽ അവളെ തനിച്ചാക്കി ഉമ്മയ്ക്ക് പിന്നാലെ ബാപ്പയും പോയി.
സിനിമയോട് വലിയ താല്പര്യമുണ്ടായിരുന്ന നൗഷാദിനെ ബ്ലെസിയുമായുള്ള സൗഹൃദമാണ് ചലച്ചിത്ര രംഗത്തേക്ക് കൊണ്ടുവരുന്നത്. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയുടെ സഹനിര്‍മാതാവായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു.
Post Your Comments