
മൃഗങ്ങളെ ഓമനിച്ചു വളർത്തുന്നത് പലരുടെയും ഇഷ്ടങ്ങളിൽ ഒന്നാണ്. നായയോടും പൂച്ചയോടും പക്ഷികളോടുമൊക്കെ താത്പര്യമുള്ളവരായിരിക്കും പലരും. ഓമനിച്ചു വളർത്തുന്ന തങ്ങളുടെ ഈ സ്നേഹിതരുടെ വിയോഗം ചിലപ്പോൾ വല്ലാത്തൊരു ശ്യൂനത സൃഷ്ടിക്കും. തങ്ങൾ ഓമനിച്ചു നീലൻ എന്ന് പേരിട്ടു വിളിച്ചിരുന്ന പൂച്ചയുടെ വിയോഗ വാർത്ത പങ്കുവച്ചു എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ എം ബി പത്മകുമാർ.
മകൾ അഭിരാമിയുടെ ആഗ്രഹപ്രകാരം നീലൻ പി നായർ എന്ന് പേരിട്ടു വിളിച്ചിരുന്ന പൂച്ചയുടെ വിയോഗത്തിന്റെ വേദനയാണ് പത്മകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഒരു പൂച്ചക്ക് ജാതിയുണ്ടോ എന്നു ചോദിച്ചാൽ മറുപടിയില്ലെന്നും താരം കുറിക്കുന്നു.
പത്മകുമാറിന്റെ കുറിപ്പ്
ഞങ്ങളുടെ നീലൻ.P.നായർ വിടവാങ്ങി. ഒരു പൂച്ചക്ക് ജാതിയുണ്ടോ എന്നു ചോദിച്ചാൽ മറുപടിയില്ല. കാരണം ജനിച്ചു വീഴുന്ന മനുഷ്യനും ഒരു ജാതിപേരും കൂടെ കൊണ്ടുവരുന്നില്ലല്ലോ. നമ്മൾ മനുഷ്യർ ചേർത്തു വയ്ക്കുന്നതല്ലെ ജാതിയും മതവും മനുഷ്യനിൽ. ഒരേ വായു ശ്വസിക്കുന്നവർക്കിടയിൽ ജാതിയുടെ അതിർ വരമ്പുള്ളപ്പോൾ നീലനും ജാതിപേര് വേണമെന്ന് പറഞ്ഞത് മകൾ അഭിരാമിയാണ്.
ഞങ്ങളുടെ ഭാഷ അവനറിയില്ല. പക്ഷെ നീലാ.. എന്നു വിളിച്ചാൽ എത്ര ദൂരെയാണെങ്കിലും ഓടിവരും. അവന് ഞങ്ങളോട് പറയാനുള്ളത് തൊട്ടുരുമ്മിയിയും മറ്റും ശരീര ഭാഷയിലൂടെ അവതരിപ്പിക്കും. സ്നേഹത്തിന് മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ലല്ലോ. സ്നേഹം സംവദിക്കുന്നത് ഹൃദയത്തിന്റെ ഭാഷയിലാണ്. അതിന്റെ മാധ്യമം നിശബ്ദതയാണല്ലോ.
പൊടികുഞ്ഞായിരിക്കുമ്പോൾ അവന്റെ അമ്മ ഞങ്ങളെ ഏൽപ്പിച്ചിട്ട് പോയതാണ്. അമ്മയെകാണാതെ കരഞ്ഞപ്പോൾ ഞങ്ങളവന്റെ ഒപ്പമിരുന്നു. വായിൽ പാലിറ്റിച്ചു കൊടുത്തു. അവന്റെ ലോകം ഞങ്ങളായിരുന്നു. രണ്ടു വയസ്സ് തികയുന്നത് നവംബർ 30 തിനാണ്. അതുവരെ അവൻ കാത്തു നിന്നില്ല. യാത്രയായി….
ഇനിയും ഈ വീട്ടിൽ നീലനില്ല. തെക്കേപുറത്ത് നനഞ്ഞ മണ്ണിൽ അവൻ മടങ്ങുന്നു. പൂച്ച ‘മരിച്ചാൽ’ കരയേണ്ട കാര്യമുണ്ടോയെന്ന് ചോദിച്ചാൽ, ഞങ്ങളാരും കരയാൻ വേണ്ടി കരയുന്നതല്ല. ഹൃദയം നനയുന്നതാണ്. പിടിച്ചു നിർത്താൻ കഴിയാത്ത ഉപാദികളില്ലാത്ത സ്നേഹത്തിന്റെ നൊമ്പരത്താൽ. ഈ ഫേസ്ബുക്ക് പേജിന്റെ ഒരു കോണിൽ ഈ അനുശോചനം കുറിക്കുന്നത് അവനുള്ള യാത്രാമൊഴിയാണ്. ജീവന് മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ലെന്ന വിശ്വസത്യത്തിൽ നീലാ നിന്റെ അത്മാവിന് ഞങ്ങൾ നിത്യശാന്തി നേരുന്നു.
https://www.facebook.com/mbpadmakumar/posts/387866566020457
Post Your Comments