ചെന്നൈ: പുതിയ സിനിമാ നിര്‍മ്മാണ കമ്പനിയ്ക്ക് തുടക്കം കുറിച്ച് തമിഴിലെ 11 പ്രമുഖ സംവിധായകർ. മണി രത്നം, ഷങ്കര്‍ എന്നിവര്‍ക്കൊപ്പം ഗൗതം വസുദേവ് മേനോന്‍, എ ആര്‍ മുരുഗദോസ്, മിഷ്‍കിന്‍, വെട്രിമാരന്‍, ലിംഗുസാമി, ശശി, വസന്ത ബാലന്‍, ബാലാജി ശക്തിവേല്‍, ലോകേഷ് കനകരാജ് എന്നിവരാണ് നിര്‍മ്മാണക്കമ്പനിയിലെ അംഗങ്ങൾ. ‘റെയിന്‍ ഓണ്‍ ഫിലിംസ് പ്രൈ. ലി.’ എന്നാണ് കമ്പനിയുടെ പേര്.
സംവിധായകന്‍ വെട്രിമാരന്‍റെ ഓഫീസ് ആയിരിക്കും നിലവില്‍ റെയിന്‍ ഓണ്‍ ഫിലിംസിന്‍റെയും ഓഫീസ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിയറ്ററുകള്‍ക്കൊപ്പം ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോമുകളില്‍ ഡയറക്റ്റ് റിലീസിന് ഉതകുന്ന ഉള്ളടക്കങ്ങളും നിര്‍മ്മിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നിര്‍മ്മാണ കമ്പനിയിലെ അംഗം തന്നെയായ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇവരുടെ ആദ്യ നിര്‍മ്മാണ സംരംഭമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്‍റെ ചുവടുപിടിച്ച് ലോകേഷ് മുന്‍പ് സൂര്യയെ നായകനാക്കി ചെയ്യാന്‍ ആലോചിച്ച ‘ഇരുമ്പു കൈ മായാവി’ ആയിരിക്കും ഈ ചിത്രമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. എന്നാല്‍ ബന്ധപ്പെട്ടവരാരും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
Post Your Comments