ഹോം എന്ന സിനിമയിലെ പ്രകടനത്തിലൂടെ ഇന്ദ്രൻസ് എന്ന നടൻ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. അദ്ദേഹത്തിന്റെ നല്ല മനസിനെയും എളിമയെ കുറിച്ചും നടൻ ജയറാം ഉൾപ്പടെ പലരും മുൻപ് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഇന്ദ്രൻസിന്റെ വിശാല മനസിനെ കുറിച്ച് നിർമ്മാതാവ് ബാദുഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. രാത്രി വരെ മടി കൂടാതെ തന്റെ ചിത്രത്തിന് വേണ്ടിയുള്ള കഥാപാത്രം ഗംഭീരമാക്കിയിട്ട് ഇതിന് പണം വേണ്ട, സ്നേഹം മാത്രം മതിയെന്ന് പറഞ്ഞ ഇന്ദ്രൻസിനെ കുറിച്ചാണ് ബാദുഷ കുറിക്കുന്നത്.
ബാദുഷയുടെ വാക്കുകൾ:
ഹോമിൽ നിന്നും എന്റെ ‘മെയ്ഡ് ഇൻ കാരവാനിൽ’ വന്ന് എന്റെ സിനിമയെ പൂർണതയിൽ എത്തിച്ചു. ഇന്ദ്രൻസ് ചേട്ടാ എന്ത് പാവമാണ് നിങ്ങൾ. രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ മറ്റൊരു സിനിമയിൽ അഭിനയിച്ച ശേഷമാണ് എന്റെ സിനിമയുടെ സെറ്റിൽ അദ്ദേഹമെത്തിയത്. എത്തിയ ഉടൻ ഒരു വിശ്രമവുമില്ലാതെ രാത്രി ഒമ്പതര വരെ ഞങ്ങളുടെ സെറ്റിൽ അദ്ദേഹം അഭിനയിച്ചു.
ഷൂട്ടിങ് കഴിഞ്ഞ് ഞാൻ കൊടുത്ത പാരിതോഷികം സ്വീകരിക്കാതെ അദ്ദേഹം പറഞ്ഞു, ഇതു ബാദുജിയുടെ ഭാര്യ നിർമിക്കുന്ന, സ്വന്തം കുടുംബത്തിൽ നിന്നുള്ള ചിത്രമല്ലെ, ഇതിന് എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതി . ആ സ്നേഹത്തിനുമുന്നിൽ എന്റെ കണ്ണുകൾ നിറഞ്ഞു പോയി.ഹോമിൽ നിങ്ങളെന്നെ കരയിപ്പിച്ചു. ഇപ്പോൾ നേരിട്ട് വന്ന് ജീവിതത്തിൽ സ്നേഹം കൊണ്ട് കരയിപ്പിക്കുന്നു,നന്ദി ഇന്ദ്രൻസ് ചേട്ടാ.
ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്. നീല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രജീഷ് പ്രകാശാണ്. രാഹുല്‍ സുബ്രഹ്‌മണ്യമാണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ ഫിലിപ്‌സ് ആന്റ് മങ്കി പെന്‍ എന്ന ചിത്രത്തിന്റെ അതേ ടീമാണ് ഹോമം എന്ന ചിത്രവും ഒരുക്കുന്നത്.
ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
Post Your Comments