‘ഹോം’ എന്ന സിനിമ ഇന്ദ്രന്‍സ് എന്ന നടന് വേറിട്ട സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ‘ഒളിവര്‍ ട്വിസ്റ്റ്’ എന്ന കഥാപാത്രത്തെ അതി മനോഹരമായി അവതരിപ്പിച്ച ഇന്ദ്രന്‍സ് മലയാളത്തിന്റെ മഹാ നടനെന്ന പേരില്‍ വലിയ കരഘോഷങ്ങള്‍ സ്വന്തമാക്കുകയാണ്. കോമഡി കഥാപാത്രങ്ങളിലൂടെ മാത്രം കണ്ടു ശീലിച്ച ഇന്ദ്രന്‍സ് അഭിനയത്തിന്റെ പുതിയ ഭാവങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ് ഇത്തരം സിനിമകളിലൂടെ തന്റെ പ്രതിഭ വിളിച്ചറിയിക്കുന്നത്. രാജസേനന് സംവിധാനം ചെയ്ത ‘സിഐഡി ഉണ്ണികൃഷ്ണന് ബിഎബിഎഡ്’ എന്ന സിനിമയായിരുന്നു ഇന്ദ്രന്‍സിലെ കോമേഡിയനെ ആദ്യം തിരിച്ചറിഞ്ഞത്. മലയാള സിനിമയില്‍ അഞ്ഞൂറ് സിനിമകളുടെ എക്സിപീരിയന്സുമായി മാസ്മരിക അഭിനയം കാഴ്ച വച്ച് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഇന്ദ്രന്‍സ് സീരിയസ് വേഷങ്ങള്‍ ചെയ്താണ് ഇപ്പോള്‍ കയ്യടി നേടുന്നത്.
റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’ എന്ന സിനിമയില്‍ നായക വേഷം ചെയ്തു കൊണ്ട് തനിക്കും മലയാള സിനിമയില്‍ താരമൂല്യമുണ്ടെന്നു ഉറപ്പിക്കുന്ന ഇന്ദ്രന്‍സ് താന്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് ആ പഴയ കോമഡി കഥാപാത്രങ്ങളുടെ ശരീര ഭാഷയാണെന്ന് തുറന്നു പറയുകയാണ്. തന്നിലെ പഴയ ഇന്ദ്രന്‍സിനെ തിരികെ നല്‍കാമെന്നു മിഥുന് മാനുവല്‍ തോമസ് വാക്ക് നല്‍കിയിട്ടുണ്ടെന്നും പുതിയ സിനിമയില്‍ ചിരിപ്പിക്കുന്ന ഇന്ദ്രന്‍സിനെ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുമെന്നും, ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഇന്ദ്രന്‍സ് തുറന്നു പറയുന്നു.
Post Your Comments