ചെന്നൈ: പ്രശസ്ത നടി ചിത്രയുടെ മരണം അപ്രതീക്ഷിതമായിരുന്നു. മലയാളത്തിൽ നടി ചെയ്തതെല്ലാം കരുത്തുറ്റ കഥാപാത്രങ്ങൾ ആയിരുന്നു. ദേവാസുരത്തിലെ സുഭദ്ര എന്ന കഥാപാത്രം തനിക്ക് തുടക്കത്തിൽ പ്രശംസകൾ നേടി തന്നെങ്കിലും പിന്നീട് ആ കഥാപാത്രം തനിക്കൊരു ബാധ്യതയായെന്ന് നടി തുറന്നു പറഞ്ഞിരുന്നു. ദേവാസുരത്തിലെ കഥാപാത്രം മൂലം പിന്നീട് അങ്ങനെയുള്ള കഥാപാത്രങ്ങൾക്ക് വേണ്ടി മാത്രം സംവിധായകർ തന്നെ തിരഞ്ഞെടുക്കാൻ തുടങ്ങിയെന്നായിരുന്നു മാസങ്ങൾക്ക് മുൻപ് ഒരു ആഴ്ചപ്പതിപ്പിന് നൽകിയ ആഭിമുഖത്തിൽ ചിത്ര വെളിപ്പെടുത്തിയത്.
Also Read:നടൻ ബാലയുടെ വധുവിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി ശ്രീശാന്ത്
‘ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന പാത്രം ആദ്യം ചെയ്യില്ലെന്ന് വിചാരിച്ചതാണ്. പ്രോസ്റ്റിറ്റിയൂട്ടിന്റെ വേഷമായതുകൊണ്ട് അച്ഛനും ഒരു വല്ലായ്മ. സംവിധായകന് ശശിയേട്ടന് വിളിച്ച് നായികയല്ലെങ്കിലും ചിത്ര ഈ കഥാപാത്രം ചെയ്യണമെന്ന് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. അങ്ങനെ ഒടുവിൽ പലയാവർത്തി ആലോചിച്ച ശേഷം ആ സിനിമ ചെയ്തു. പടം ഹിറ്റായി. എന്റെ കഥാപാത്രം നന്നായെന്ന് പറഞ്ഞ് പലരും അഭിനന്ദിച്ചു. എന്നാൽ, പിന്നീട് ആ കഥാപാത്രം എനിക്കൊരു ബാധ്യതയായി.
വഴിപിഴച്ചു ജീവിക്കുന്നവരുടെ ജീവിതം അവതരിപ്പിക്കുമ്പോൾ മാത്രം ചിത്രയെ ഓര്‍ക്കുന്ന സംവിധായകര്‍ പോലുമുണ്ടായി. കടല്‍ എന്ന ചിത്രത്തില്‍ കള്ളിമുണ്ടും ബ്ലൗസുമണിഞ്ഞ് മദാലസവേഷം. ‘പ്രായിക്കരപാപ്പാനി’ലും സ്ഥിതി വ്യത്യസ്തമല്ല. ‘ആറാം തമ്ബുരാനി’ലെ തോട്ടത്തില്‍ മീനാക്ഷിയും വഴിതെറ്റിയ സ്ത്രീയാണ്. ഒടുവില്‍ ചെയ്ത ‘സൂത്രധാരന്‍ ‘വരെ അത്തരം കഥാപാത്രങ്ങളുടെ നിരനീണ്ടു. എന്നെപ്പോലുള്ളവര്‍ക്ക് അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ‘ഓ.കെ ചിത്ര ചെയ്യേണ്ട വേറെ നടികള്‍ ഉണ്ട്.’ എന്ന് പറഞ്ഞ് സംവിധായകര്‍ നമ്മളെ കട്ട് ചെയ്യും. ഏത് കഥാപാത്രം ആയാലും ഇങ്ങനെയുള്ള വേഷമായാലും എന്റെ കഥാപാത്രത്തിന് എന്തെങ്കിലും പ്രാധാന്യം ഉള്ളവ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ’, ചിത്ര പറഞ്ഞു.
Post Your Comments