കൊച്ചി: താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങിനായി കൊച്ചിയിലെ ഓഫീസിൽ ഒത്തു ചേർന്ന് താരങ്ങൾ. കോവിഡ് പശ്ചാത്തലത്തില്‍ കുറച്ചു പേര് മാത്രമേ പങ്കെടുത്തിരുന്നുള്ളു. എങ്കിലും മോഹൻലാൽ ഉൾപ്പടെ താരസമ്പന്നമായിരുന്നു ചടങ്ങ്. ചിങ്ങം ഒന്നാംതീയതി കൂടിയതിനാൽ തന്നെ എല്ലാവരും കേരളീയ വേഷത്തിലായിരുന്നു എത്തിയത്. നടിമാർ എല്ലാവരും തന്നെ കേരളസാരി അണിഞ്ഞ് മുല്ലപ്പൂവും ചൂടിയാണ് എത്തിയത്.
പരിപാടിയിൽ സിനിമാ രംഗത്ത് സാമ്പത്തിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് അറുപത് വിഭവങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് നൽകുകയും, കുട്ടികളുടെ പഠന സൗകര്യത്തിന് മൊബൈല്‍ ഫോണും നൽകി. ചടങ്ങ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. ഒരുപാട് സത്പ്രവൃത്തികള്‍ ചെയ്യുന്ന ഒരു സംഘടനയാണ് അമ്മയെന്നും, എന്നാല്‍ ഇത് ആരും മനസ്സിലാക്കുന്നില്ലെന്നും സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമാ അഭിനേതാക്കള്‍ക്കെല്ലാം ഒരുപാട് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും, അതില്‍ നിന്ന് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘സിനിമകള്‍ വീണ്ടും തുടങ്ങണം, നമ്മുടെ സാമ്പത്തിക അടിത്തറ മുന്നോട്ടു കൊണ്ടു വരേണ്ടതായുണ്ട്. ഇനിയും ഒരുപാട് നല്ല പ്രവൃത്തികള്‍ ചെയ്യാന്‍ നമുക്ക് സാധിക്കട്ടെ,’ മോഹന്‍ലാല്‍ പറഞ്ഞു. ചടങ്ങില്‍ വെച്ച് ‘ഒപ്പം അമ്മയും’ പദ്ധതിയിലൂടെ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ടാബുകള്‍ സമ്മാനിച്ചു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി നൂറ് ടാബുകളാണ് ‘അമ്മയും’, മൊബൈല്‍ ഫോണ്‍ വ്യാപാര ശൃംഖലയിലുള്ള ‘ഫോണ്‍ 4’മായി ചേര്‍ന്ന് വിതരണം ചെയ്തത്.
അമ്മയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കാനും, ആളുകളുമായി സംവദിയ്ക്കാനുമായി യൂട്യൂബ് ചാനല്‍ ആരംഭിച്ചു. ടൊവിനോ തോമസ്, ആസിഫ് അലി, അജു വര്‍ഗ്ഗീസ്, ബാബു ആന്റണി, മനോജ് കെ ജയന് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Post Your Comments