അടുത്ത സുഹൃത്തുക്കളും സഹോദരങ്ങളെയും പോലെയാണ് പൃഥ്വിരാജും മോഹൻലാലും. ഇരുവരുടെയും ഒരുമിച്ചുള്ള ഉള്ള കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ വിജയത്തിന് ശേഷം ആ ബന്ധം ദൃഢമായി മാറിയിരിക്കുകയാണ്. നിലവിൽ ബ്രോ ഡാഡിയുടെ ഒരുക്കത്തിലാണ് ഇരുവരും. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച അവസരത്തിൽ മോഹൻലാലിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ക്യാമറയ്ക്ക് പിന്നിൽ സഹോദരനെ പോലെ ചേർത്ത് നിർത്തി മോനെ എന്ന് വിളിക്കുന്ന അദ്ദേഹം ഷോട്ട് തുടങ്ങി എന്ന് പറഞ്ഞു കഴിഞ്ഞാൽ, തന്നെ സർ എന്നാണ് വിളിക്കുന്നതെന്ന് പൃഥ്വിരാജ് പറയുന്നു. ഫിലിം കംപാനിയനു നൽകിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം തുറന്നു പറഞ്ഞത്.
‘അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുക വളരെ എളുപ്പമാണ്. സൗഹൃദത്തിനുമപ്പുറം ഒരു സഹോദരനെ പോലെയാണ് അദ്ദേഹം എനിക്ക്. സെറ്റുകളിൽ പുള്ളി വർക്ക് ചെയ്യുന്ന രീതി എങ്ങനെയാണെന്ന് വന്നു കാണണം. ഷോട്ടിനു തൊട്ടുമുൻപ് അദ്ദേഹം തമാശകൾ പറയുന്നു, മോനേ എന്നു വിളിക്കുന്നു. എന്നാൽ അസിസ്റ്റന്റ് വന്നു ഷോട്ട് റെഡി എന്നു പറഞ്ഞാൽ അദ്ദേഹം നടന്നു ക്യാമറയ്ക്കു മുന്നിലേക്ക് ചെല്ലും, പിന്നെ ‘സർ’ എന്നാണ് വിളി. ഏതെങ്കിലും ഷോട്ട് എനിക്ക് തൃപ്തി തോന്നിയില്ലെങ്കിൽ വീണ്ടും ചെയ്യണമെന്നാവശ്യപ്പെട്ടാൽ ഓകെ ‘സർ’ എന്നു പറയും. ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞാൽ, വീണ്ടും അടുത്തു വന്നിരുന്ന് സ്നേഹത്തോടെ മോനേ എന്നു വിളിക്കും. അദ്ദേഹം ജോലി ചെയ്യുന്നത് കാണണം, അത്ഭുതകരമായ അനുഭവമാണ്’, പൃഥ്വിരാജ് പറഞ്ഞു.
ആന്റണി പെരുമ്പാവൂര് നിർമ്മിക്കുന്ന ബ്രോ ഡാഡിയിൽ മോഹൻലാലിനൊപ്പം പൃഥ്വിരാജും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവർക്കൊപ്പം മീന,കല്യാണി പ്രിയദർശൻ, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസുമാണ് നിർവ്വഹിക്കുന്നത്. എം ആർ രാജാകൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്, എഡിറ്റിങ് അഖിലേഷ് മോഹനാണ്.
Post Your Comments