പറക്കും തളികയിലെ നായികയായി എത്തി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് നിത്യ ദാസ്. മലയാളത്തിൽ അധികം സിനിമ ചെയ്തിട്ടില്ലെങ്കിലും നടി ഏവർക്കും പ്രിയങ്കരിയാണ്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന നിത്യ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. മകൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമായെല്ലാം താരം പലപ്പോഴും രംഗത്തെത്താറുണ്ട്. ജമ്മുകശ്മീര്‍ സ്വദേശിയായ അരവിന്ദ്സിങ് ജംവാലാണ് നിത്യയുടെ ഭർത്താവ്.
ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ചെന്നൈ ഡിവിഷനില്‍ ഉദ്യോഗസ്ഥനായ അരവിന്ദും നിത്യയും തമ്മിൽ പ്രണയിച്ചാണ് വിവാഹിതരായത്. 2005 ഡിസംബറില്‍ ചെന്നൈയില്‍ നിന്നും കരിപ്പൂരിലേക്കുളള ആകാശയാത്രയിലാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടത് . പിന്നീട് പരിചയം പ്രണയമായി വളരുകയായിരുന്നു. ഇരുവർക്കും ഒരു മകളും മകനുമാണുള്ളത്. എന്നാൽ വിവാഹ ശേഷവും ഇരുവരും നിത്യയുടെ ജന്മനാടായ കോഴിക്കോട് തന്നെയാണ് താമസിക്കുന്നത്. ഇതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നിത്യ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.
‘ഞങ്ങളിപ്പോൾ കോഴിക്കോടാണ് താമസിക്കുന്നത്. വിവാഹത്തിന് മുൻപേ തന്നെ ഞാൻ സമ്മതം വാങ്ങിയിട്ടുള്ള ഒരു കാര്യം അത് മാത്രമാണ്. അദ്ദേഹത്തിന്റെ കുടുംബം ജമ്മു കാശ്മീരിൽ ആണ്. വിവാഹ ശേഷം ഞാൻ അവരുടെ ഭക്ഷണവും ജീവിതരീതിയും എല്ലാമാണ് പിന്തുടരുന്നത്. പക്ഷെ, എവിടെ ജീവിക്കണം എന്നതിൽ എന്റെ താല്പര്യത്തിനാണ് പ്രാധാന്യം നൽകിയത്. ഓരോ ആറു മാസം കൂടുമ്പോഴും ഞങ്ങൾ ഭർത്താവിന്റെ നാട്ടിൽ പോകാറുണ്ട്. ഇടയ്ക്ക് അച്ഛനും അമ്മയും ഇവിടെ വന്നു നിൽക്കാറുണ്ട്. കോഴിക്കോടിനോട് ഇമോഷണൽ ഒരു അറ്റാച്ച്മെന്റ് ഉണ്ട്. സിനിമയിൽ വന്ന കാലത്ത് നിരവധി പേർ പറഞ്ഞിരുന്നു കൊച്ചിയിൽ സെറ്റിലായാൽ കുറേ അവസരങ്ങൾ വരുമെന്ന്. പക്ഷെ, അന്നും ഇന്നും എനിക്ക് കോഴിക്കോട് വിട്ടൊരു കളിയില്ല’, നിത്യ പറഞ്ഞു.
Post Your Comments