CinemaGeneralLatest NewsMollywoodNEWSTollywood

അല്ലു- ഫഹദ് ചിത്രം പുഷ്പയിലെ ഗാനം ലീക്കായി: പരാതി നൽകി നിർമ്മാതാക്കൾ

ഗാനം ഇതിനകം തന്നെ ഒരു കോടിയിലധികം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് പുഷ്പ. ചിത്രത്തിൽ അല്ലു അർജുൻ ആണ് നായകനായെത്തുന്നത്. വില്ലൻ കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പുഷ്പയിലെ ഗാനവും സര്‍ക്കാരു വാരി പാട്ടയുടെ ടീസറും ലീക്കായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ്. സംഭവത്തിൽ സൈബര്‍ ക്രൈം വിഭാഗത്തില്‍ പരാതി നൽകിയതായി നിർമ്മാതാക്കൾ അറിയിച്ചു.

‘സര്‍ക്കാരു വാരി പാട്ടയുടെയും പുഷ്‍പയുടെയും മെറ്റീരിയലുകള്‍ ലീക്ക് ചെയ്യപ്പെട്ടതിനെ ഞങ്ങളെ വളരെ അധികം അസ്വസ്ഥരാക്കി. അതിനാൽ തന്നെ വിഷയം വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. അത് ഭാവിയില്‍ സമാന അനുഭവം ഉണ്ടാവാതിരിക്കാന്‍ വേണ്ടി മാത്രമല്ല, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക കൂടിയാണ് ലക്ഷ്യം. സൈബര്‍ ക്രൈം വിഭാഗത്തില്‍ ഇതിനകം ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്. പൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രിയപ്പെട്ട പ്രേക്ഷകരോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു’, മൈത്രി മൂവി മേക്കേഴ്സ് ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം പുഷ്പ്പയിലെ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗാനം ഇതിനകം തന്നെ ഒരു കോടിയിലധികം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. ഓട് ഓട് ആടെ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ഡി. എസ്. പിയാണ്. മലയാളത്തിന് പുറമെ തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിലും ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. രാഹുൽ നമ്പ്യാർ ആണ് മലയാളത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. സിജു തുറവൂർ ആണ് വരികൾ എഴുതിയിരിക്കുന്നത്. രണ്ടു ഭാഗമായി ഇറങ്ങുന്ന പുഷ്പയുടെ ആദ്യ ഭാഗം 2021 ക്രിസ്തുമസിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. സംവിധായകന്‍റേതാണ് രചനയും. മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോസെക്. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്. സംഗീതം ദേവി ശ്രീ പ്രദാസ്.

 

shortlink

Related Articles

Post Your Comments


Back to top button