മമ്മൂട്ടിയുടെ നായികയായി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. ഒറ്റ സിനിമയിൽ മുഖം കാണിച്ച് പോകാൻ വന്ന നടി പിന്നീട് മലയാളവും തമിഴുമടക്കം തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും തിരക്കുള്ള നടിയായി മാറുകയായിരുന്നു. ഇപ്പോഴിതാ സിനിമയിൽ താൻ തുടരാൻ കാരണം അന്തരിച്ച സംവിധായകൻ ലോഹിതദാസ് ആണെന്ന് പറയുകയാണ് ലക്ഷ്മി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.
ഒരു സിനിമ മതിയെന്ന് തീരുമാനിച്ച തന്നെ സത്യൻ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ അഭിനയിച്ചിട്ട് മടങ്ങൂ എന്ന് പറഞ്ഞ് നിർബന്ധിച്ചാണ് ലോഹിതദാസ് അതിലേക്ക് അയച്ചതെന്നും. അത് കരിയർ തന്നെ മാറ്റി മറിച്ചുവെന്ന് ലക്ഷ്മി പറയുന്നു.
ലക്ഷ്മി ഗോപാലസ്വാമിയുടെ വാക്കുകൾ:
‘സിനിമയിലേക്ക് എത്താൻ കാരണമിതാണ്, ലോഹിതദാസ് എന്ന സംവിധായകന്റെ സിനിമ. മമ്മൂട്ടി നായകൻ, ഇതിനെല്ലാം ഉപരിയായി രണ്ടു കുട്ടികളുടെ അമ്മ ഇതെല്ലം ആകർഷിച്ചു. ആദ്യം ലോഹിതദാസ് സാറിനെ കാണുന്നത് ലക്കിടിയിലെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചാണ്. അന്ന് അധികം സംസാരം ഒന്നുമില്ല. ഞാനാകെ അത്ഭുതപ്പെട്ടു. ഇത്രയും സംസാരിക്കാത്ത ഒരാൾ എങ്ങനെ സംവിധായകനായി എന്നോർത്തു. സെറ്റിൽ വന്നപ്പോൾ കഥ ആകെ മാറി. ഒരുപാട് തമാശകൾ പറയുന്ന, അഭിനേതാക്കളെ എഴുതിയിട്ട വഴികളിലൂടെ നടത്തുന്ന ഒരാളെയാണ് എനിക്ക് അവിടെ കാണാൻ സാധിച്ചത്.
സ്നേഹം ഒഴുകുന്ന അദ്ദേഹത്തിന്റെ കണ്ണുകളാണ് ഇപ്പോഴും ആദ്യം ഓർമ്മ വരിക. സത്യൻ അന്തിക്കാട് സാറിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്ക് എന്നെ നിർദ്ദേശിച്ചതും ലോഹിത് സാറാണ്. ഒരു സിനിമ മതിയെന്ന എന്റെ തീരുമാനം മാറ്റി, ഈയൊരു ചിത്രത്തിൽകൂടി അഭിനയിക്കൂ എന്ന് നിർബന്ധിച്ച് എന്നെ പറഞ്ഞു വിടുകയായിരുന്നു. അതായിരുന്ന് ജീവിതത്തിലെ സ്റ്റെപ്പിംഗ് സ്റ്റോൺ’ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.
Post Your Comments