മലയാളത്തില്‍ ചെറു വേഷങ്ങള്‍ ചെയ്തു വര്‍ഷങ്ങളുടെ എക്സ്പീരിയന്‍സുള്ള പ്രശാന്ത് അലക്സാണ്ടര്‍ എന്ന നടനെ മലയാള സിനിമ വേണ്ടവിധത്തില്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണ്. ‘ഓപ്പറേഷന്‍ ജാവ’ എന്ന സിനിമയിലെ തന്റെ മികച്ച പ്രകടനം കണ്ടിട്ട് സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ വരെ ഫോണ്‍ വിളിയെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് താരം. പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സത്യന്‍ അന്തിക്കാടിന്റെ ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന സിനിമയില്‍ അവസരം ചോദിച്ചു പോയ നിമിഷത്തെക്കുറിച്ചും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് പങ്കുവയ്ക്കുന്നു.
നടന്‍ പ്രശാന്ത് അലക്സാണ്ടറിന്റെ വാക്കുകള്‍
‘എന്റെ ജീവിതത്തിൽ ഞാന്‍ ആദ്യമായി പരിചയപ്പെടുന്ന സംവിധായകൻ സത്യൻ അന്തിക്കാടാണ്. വല്ലാത്തൊരു ആരാധനയായിരുന്നു അദ്ദേഹത്തോട്. സുഹൃത്ത് വഴിയാണ് അദ്ദേഹത്തെ നേരിൽ കാണുന്നത്. കോയമ്പത്തൂരിൽ ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ സിനിമയുടെ ചിത്രീകരണം നടക്കുന്ന കാലം. ഞാൻ അദ്ദേഹത്തിന്റെ താമസ സ്ഥലത്തു ചെന്നു. ഇത്രയും വലിയൊരു സംവിധായകനാണ് നമ്മുടെ മുന്നിൽ നിൽക്കുന്നതെന്ന് അത്ഭുതപ്പെടും. ഞങ്ങൾ കുറെയേറെ നേരം സംസാരിച്ചു. സത്യേട്ടന്‍ പറഞ്ഞു. ഈ ചിത്രത്തിൽ കഥാപാത്രങ്ങളെല്ലാം ഫിക്സ് ആയി. നല്ലൊരു വേഷം വരട്ടെ. ഞാൻ വിളിക്കാം. ആ വാക്കുകള്‍ തന്നെ എനിക്ക് ധാരാളമായിരുന്നു. ഞാന്‍ സന്തോഷത്തോടെയാണ് തിരികെയെത്തിയത്. 2002-ല്‍ ആണിത് നടക്കുന്നത്. 2021 ആയിട്ടും എനിക്ക് സത്യേട്ടന്‍റെ സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. ‘ഓപ്പറേഷൻ ജാവ’ കണ്ടിട്ട് സത്യേട്ടൻ വിളിച്ചു. ഞാൻ അപ്പോഴും ചോദിച്ചു എന്നാണ് എനിക്ക് സത്യേട്ടന്‍റെ സിനിമകളിൽ അഭിനയിക്കാൻ കഴിയുക. ‘എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്ന് സത്യേട്ടൻ പറഞ്ഞു. അത് ശരിയാണെന്ന് എനിക്കും തോന്നി’.
Leave a Comment