പ്രേഷകരുടെ പ്രിയ നടിയാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാര. സിനിമയിൽ സജീവ സാന്നിധ്യമായ താരം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത് വളരെ വിരളമാണ്. സ്വകാര്യത ഒരുപാട് സൂക്ഷിക്കുന്ന കൂട്ടത്തിലാണ് നയൻതാര. ഇപ്പോഴിതാ ഒരുപാട് നാളുകൾക്ക് ശേഷം ഒരു ടെലിവിഷൻ ഷോയുടെ അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുകയാണ് നയൻതാര. ഈ അഭിമുഖത്തിൽ തന്റെ സ്വകാര്യ ജീവിതത്തിലെ പല രഹസ്യങ്ങളും നടി വെളിപ്പെടുത്തുന്നുണ്ട്. അക്കൂട്ടത്തിൽ തന്റെ കുടുംബത്തെ കുറിച്ചുമുള്ള വിവരങ്ങൾ നയൻതാര പങ്കുവെച്ചു.
തന്റെ പിതാവ് കുര്യന്റെ അസുഖ വിവരത്തെ കുറിച്ചാണ് നടി തുറന്നു പറഞ്ഞത്. അച്ഛനെ കുറിച്ച് പറഞ്ഞപ്പോൾ വികാരാധീനയായ നയൻതാര കരയുകയും ചെയ്തു. ‘ജീവിതം തിരിച്ചു കറക്കി എന്തെങ്കിലും ഒരു കാര്യം മാറ്റാന്‍ അവസരം ലഭിച്ചാല്‍ എന്ത് മാറ്റും?’ എന്ന ചോദ്യത്തിനു മറുപടിയായാണ് അച്ഛന്റെ അസുഖത്തെപ്പറ്റി നടി പറഞ്ഞത്.
വർഷങ്ങളായി അച്ഛൻ രോഗബാധിതനായി കിടപ്പിലായിരുന്നെന്നും. അമ്മയാണ് ഇക്കാലമത്രയും അച്ഛനെ പരിചരിച്ചതെന്നും താരം പറഞ്ഞു. എന്നാൽ അടുത്തിടയിൽ അദ്ദേഹത്തിന് രോഗം കൂടിയതായും നയൻതാര പറഞ്ഞു.
നയൻതാരയുടെ വാക്കുകൾ:
‘എന്റെ അച്ഛന്, അമ്മ, കുടുംബം എന്നിവരെക്കുറിച്ച് ഞാന്‍ ഇത് വരെ സംസാരിച്ചിട്ടില്ല. കുടുംബവും ജോലിയും രണ്ടായി തന്നെ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അച്ഛനും അമ്മയും അവരുടെ ലോകത്ത് മാത്രം ജീവിക്കുന്നവരാണ്. ഞാന്‍ ഏതു സിനിമ ചെയ്യുന്നു എന്ന് പോലും അവര്‍ക്ക് അറിയില്ല. സിനിമ റിലീസ് ആവുന്ന ദിവസം ഞാന്‍ വിളിച്ചു പറയും, അമ്മാ ഈ ചിത്രം റിലീസ് ആയിട്ടുണ്ട് എന്ന്. അപ്പോള്‍ അവര്‍ പോയി കാണും. ഭാഷ മനസ്സിലായില്ലെങ്കില്‍ പോലും ഞാന്‍ അഭിനയിച്ച സിനിമകള്‍ എല്ലാം കാണും. ഇത്രേയുള്ളൂ അവര്‍ക്ക് എന്റെ സിനിമകളുമായുള്ള ബന്ധം.
അച്ഛനെക്കുറിച്ച് പറയുകയാണെങ്കില്‍, അദ്ദേഹം ഒരു എയര്‍ ഫോഴ്സ് ഓഫീസര്‍ ആയിരുന്നു. പന്ത്രണ്ടു-പതിമൂന്നു വര്‍ഷങ്ങളായി അച്ഛന് സുഖമില്ലാതെ ആയിട്ട്. ഒരു കൊച്ചുകുട്ടിയെ എന്ന പോലെ ശ്രദ്ധിക്കണം. ഇത് ഞാന്‍ എവിടെയും സംസാരിച്ചിട്ടില്ല. കാരണം വളരെ സ്വകാര്യവും ഇമോഷണലുമായ ഒരു വിഷയമാണ്.
അച്ഛനെ എന്നും ഒരു ഹീറോ ആയിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഇന്നെന്റെ ജീവിതത്തില്‍ ഒരു ചിട്ടയുണ്ടെങ്കില്‍, അധ്വാനിക്കാനുള്ള ആര്‍ജ്ജവമുണ്ടെങ്കില്‍, സമയനിഷ്ഠയുണ്ടെങ്കില്‍, എല്ലാം അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയതാണ്. ജോലി സംബന്ധമായി മാത്രമല്ല, എന്നെ ഞാന്‍ ആക്കുന്നതില്‍ അദ്ദേഹത്തിനു വലിയ പങ്കുണ്ട്. അച്ഛനും അമ്മയ്ക്കും, രണ്ടു പേര്‍ക്കുമുണ്ട്. പക്ഷേ ജോലിയില്‍ അദ്ദേഹം കൂടുതല്‍ സ്വാധീനിച്ചിട്ടുണ്ട്.
എന്നും വളരെ പെര്‍ഫെക്റ്റ് ആയി മാത്രമേ അച്ഛനെ കണ്ടിട്ടുള്ളൂ. മുടക്കമില്ലാതെ ജോലിയ്ക്ക് പോകാന്‍, യൂണിഫോം ധരിച്ച് എത്തുന്ന അച്ഛനെയാണ് എനിക്ക് ഓര്‍മ്മ. അദ്ദേഹത്തെക്കുറിച്ച് നല്ലത് മാത്രമേ കേട്ടിട്ടുള്ളൂ. അത് പോലുള്ള ഒരാള്‍, പെട്ടന്ന് രോഗബാധിതനാവുകയാണ്.
ഞാന്‍ സിനിമയില്‍ എത്തി രണ്ടു മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അച്ഛന് വയ്യാതെയായി. അമ്മയാണ് അച്ഛനെ നോക്കുന്നത്. ഇത്രയും കാലമായി അമ്മ അച്ഛനെ നോക്കിയ പോലെ വേറെ ആര്‍ക്കും സാധിക്കില്ല. രണ്ടു പേരും ഏതാണ്ട് സമപ്രായക്കാര്‍ ആണ്.
ഇപ്പോള്‍ അച്ഛന് അസുഖം കൂടുതലാണ്, ആശുപത്രിയില്‍ ആണ്. തീരെ വയ്യ.
അച്ഛന്റെ അസുഖം മാറ്റിയെടുത്ത്, അദ്ദേഹത്തെ പഴയ പോലെ കണ്ടാല്‍ കൊള്ളാം എന്നുണ്ട്,’ നയന്‍താര പറഞ്ഞു.
Post Your Comments