ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ, ജഗതി ശ്രീകുമാർ, രേവതി, തിലകൻ, ഇന്നസെന്റ്, ജഗദീഷ് തുടങ്ങിയ വമ്പൻ താരനിരയെ അണിനിരത്തി പ്രിയദർശൻ സംവിധാനം ചെയ്ത കിലുക്കം. ഇന്ന് സിനിമ പുറത്തിറങ്ങിയിട്ട് 30 വർഷങ്ങൾ തികയുകയാണ്. 1991 ഓഗസ്റ്റ് 15നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇപ്പോഴിതാ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ കിലുക്കത്തിലെ ചില അനുഭവങ്ങൾ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ചിത്രത്തിലെ ഒരു രസകരമായ രംഗം ഷൂട്ട് ചെയ്തപ്പോൾ ജഗതിക്ക് പരുക്ക് പറ്റിയ ഒരു സംഭവമാണ് പ്രിയദർശൻ പറഞ്ഞത്.
‘രേവതിയുടെ കഥാപാത്രം വഴക്കു കൂടി ജഗതിയുടെ നിശ്ചലിനെ കല്ലെറിയുന്ന ദൃശ്യമുണ്ട്. കല്ലെറിയുന്ന സമയത്ത് ജഗതിയുടെ തൊട്ടു പിന്നില്‍ ഒരു കണ്ണാടിയുണ്ടായിരുന്നു. ജഗതിയെ രേവതി കല്ലെറിഞ്ഞപ്പോള്‍ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തില്‍ കുത്തിക്കയറിയിരുന്നു. എന്നാല്‍ ജഗതി ടേക്ക് എടുത്ത് അവസാനിപ്പിക്കുന്നത് വരെ ശരീരത്തില്‍ ചില്ലു കൊണ്ട വിവരം പറഞ്ഞില്ല. വേദന കടിച്ചുപിടിച്ച് രംഗം ഭംഗിയായി അഭിനയിച്ചു തീർത്തു. അത്രയ്ക്ക് അര്‍പ്പണ ബോധമായിരുന്നു ജഗതിക്ക് സിനിമയോട് ഉണ്ടായിരുന്നത്’ പ്രിയദർശൻ പറഞ്ഞു.
കിലുക്കത്തിന്റ്റെ വിജയത്തിൽ പ്രധാനമായത് മോഹൻലാലും ജഗതിയും തമ്മിലുളള കെമിസ്ട്രി ആണെന്ന് പ്രിയദർശൻ പറയുന്നുണ്ട്. മനസികാസ്വാസ്ഥ്യമുള്ള കഥാപാത്രത്തെ മനോഹരമാക്കിയ രേവതിയുടെ പ്രകടനവും എടുത്ത് പറയേണ്ടതാണെന്ന് അദ്ദേഹം പറയുന്നു. തിലകൻ, മുരളി, വേണു നാഗവള്ളി, ജഗതി തുടങ്ങിയ അതുല്യ പ്രതിഭകൾ ഇല്ലാത്തത് കൊണ്ട് കിലുക്കം പോലൊരു ചിത്രം എടുക്കാനുള്ള ധൈര്യം ഇനിയില്ലെന്നും പ്രിയദർശൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Post Your Comments