GeneralLatest NewsMollywoodNEWSSocial Media

ഈ വിഷം ചീറ്റലിനെ ഒറ്റപ്പെടുത്തണം: നാദിർഷയുടെ ഈശോയ്ക്ക് പിന്തുണയുമായി പോൾ സക്കറിയ

സിനിമ പേരിനെ ചൊല്ലി ബുദ്ധിശൂന്യരായ പുരോഹിതന്‍മാരും വിശ്വാസികളും ചെയ്തുകൂട്ടുന്ന പ്രവര്‍ത്തി ക്രൈസ്തവര്‍ക്ക് തന്നെയാണ് നാണക്കേടുണ്ടാക്കുന്നതെന്നും സക്കറിയ പറഞ്ഞു

കൊച്ചി : നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ എന്ന സിനിമയ്ക്ക് പിന്തുണയുമായി എഴുത്തുകാരന്‍ പോൾ സക്കറിയ. ഈശോ എന്ന സിനിമയുടെ പേരിൽ വിഷം ചീറ്റുന്നവരെ ഒറ്റപ്പെടുത്തണമെന്ന് സക്കറിയ പറയുന്നു. സിനിമ പേരിനെ ചൊല്ലി ബുദ്ധിശൂന്യരായ പുരോഹിതന്‍മാരും വിശ്വാസികളും ചെയ്തുകൂട്ടുന്ന പ്രവര്‍ത്തി ക്രൈസ്തവര്‍ക്ക് തന്നെയാണ് നാണക്കേടുണ്ടാക്കുന്നതെന്നും പോൾ സക്കറിയ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ധേഹത്തിന്റെ പ്രതികരണം.

പോൾ സക്കറിയയുടെ ഫേസ്ബുക്ക് കുറിപ്പ്:

“ഈശോ”: ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തണം. കേരളക്രൈസ്തവസഭകളുടെ ചരിത്രത്തിൽ അരങ്ങേറിയിട്ടുള്ള അതീവലജ്‌ജാവഹങ്ങളായ സംഭവികാസങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ നാണംകെട്ട കൂട്ടിച്ചേർക്കലാണ് ഒരു സംഘം ബുദ്ധിശൂന്യരായ പുരോഹിതന്മാരും “വിശ്വാസി”കളും ചേർന്ന് “ഈശോ” എന്ന സിനിമയുടെ പേരിൽ ചെയ്തുവച്ചിരിക്കുന്നത്. ഭാഗ്യവശാൽ അവരുടെ സംസ്കാരശൂന്യതയും ഇരുളടഞ്ഞ മനസ്സുകളും ക്രൈസ്തവരിലെ ബഹുഭൂരിപക്ഷം പങ്കുവയ്ക്കുന്നില്ല. ശരാശരി മലയാളിക്രിസ്ത്യാനി വീണ്ടുവിചാരത്തോടെയും പക്വതയോടെയും കേരളത്തിന്റെ സവിശേഷമായ മതമൈത്രീസംസ്കാരത്തിൽ ഇണങ്ങിച്ചേർന്നു ജീവിക്കുന്നു – അങ്ങനെയായിട്ട് ശതാബ്ദങ്ങളായി.

മേൽപ്പറഞ്ഞ ദുഷ്ടമനസ്സുകളുടെ വിഡ്ഢിത്തം ആപൽക്കരമായിത്തീരുന്നത് നാദിർഷായ്‌ക്കോ മലയാളസിനിമയ്ക്കോ മുസ്ലിങ്ങൾക്കോ അല്ല, ക്രൈസ്തവർക്ക് തന്നെയാണ്. അവർ താഴ്ത്തികെട്ടുകയും കരിതേയ്ക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്നത് കേരളസംസ്കാരത്തിന്റെ ആധാരശിലയായ സാമുദായികസൗഹാർദം പങ്കുവച്ച് ഇവിടെ ഐശ്വര്യപൂർവം ജീവിക്കുന്ന ക്രൈസ്തവസമൂഹത്തെയാണ്. ഒപ്പം മലയാളികളെ ഒന്നടങ്കവും അവരുടെ കുറ്റകരമായ അസഹിഷ്ണുത അപമാനിക്കുന്നു.യേശു അഥവാ ഈശോ എന്ന നല്ലവനായ മനുഷ്യൻ ഒരിക്കൽ കണ്ട സുന്ദരമാനവികസ്വപ്നത്തിന്റെ എന്തെങ്കിലും ഒരംശം ഇവിടെ അവശേഷിക്കുന്നുണ്ടെങ്കിൽ അതിനെക്കൂടി ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണ് ഈ ക്രിസ്ത്യാനിതാലിബൻ. ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് കേരളക്രൈസ്തവസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്, സാംസ്കാരികകേരളത്തിന്റെ ആവശ്യവുമാണ്.

https://www.facebook.com/paulzacharia3/posts/10158405311391662

shortlink

Related Articles

Post Your Comments


Back to top button