ചെന്നൈ: കോടതി ഉത്തരവിനെ തുടർന്ന് ആഡംബര കാറിന്റെ പ്രവേശന നികുതി പൂർണമായും അടച്ച് നടൻ വിജയ്. ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഒഴിവാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയും വിജയ്‌യെ ശകാരിക്കുകയും പിഴ വിധിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് താരം നികുതി അടക്കാൻ നിർബന്ധിതനായത്. നേരത്തെ അടച്ച 8 ലക്ഷത്തിനു പുറമേ 32 ലക്ഷം രൂപ കൂടിയാണ് അടച്ചത്.
2012ൽ യുകെയിൽ നിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് ഗോസ്റ്റ് കാറിന് ഇറക്കുമതി ചുങ്കത്തിനു പുറമേ പ്രവേശന നികുതി കൂടി ചുമത്തിയത് ചോദ്യം ചെയ്താണ് വിജയ് ചെന്നൈ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, രൂക്ഷ വിമർശനത്തോടെ ഹർജി തള്ളിയ കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ച വിജയ് നികുതി അടയ്ക്കാൻ തയാറാണെന്നും വിധിയിൽ തനിക്കെതിരെയുള്ള പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ടു. ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യുകയും നികുതി പൂർണമായും അടയ്ക്കാൻ നിർദേശിക്കുകയും ചെയ്തു.
Post Your Comments