പ്രേഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. എന്നാൽ വിവാഹ കാര്യം ഇതുവരെയും ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ വിഘ്നേഷുമായുള്ള എൻഗേജ്മെന്റ് കഴിഞ്ഞു എന്ന രീതിയിൽ നയൻതാര ഒരു അഭിമുഖത്തിനിടയിൽ പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രശസ്ത അവതാരകയായ ദിവ്യദർശിനിയുടെ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് നയൻസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നയൻതാരയുടെ കയ്യിൽ കിടക്കുന്ന മോതിരത്തിനെ കുറിച്ച് ദിവ്യദർശിനി ചോദിച്ചപ്പോഴാണ് നയൻതാര മറുപടി നൽകിയത്. ഇതിന് പൊട്ടിച്ചിരിച്ചുകൊണ്ട് ‘ഇത് വന്ത് എൻഗേജ്മെന്റ് റിങ്’ എന്നാണ് നയൻതാര പറഞ്ഞത്. വിഘ്നേഷിൽ എന്താണ് ഏറ്റവുമധികം ഇഷ്ടമെന്ന ചോദ്യത്തിന് എല്ലാം ഇഷ്ടമാണെന്ന് നയൻതാര പറയുന്നു. ഇഷ്ടപ്പെടാത്ത കാര്യങ്ങൾ തുറന്ന് സംസാരിക്കുമെന്നും താരം കൂട്ടിച്ചേർക്കുന്നു. ഷോയുടെ പ്രമോ വിഡിയോ ഇപ്പോൾ വൈറലാണ്.
ഏതാനും മാസങ്ങൾക്കു മുൻപ് നയൻതാരയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് വിഘ്നേഷ് ശിവൻ കുറിച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു. വിരലോട് ഉയിർ കൂട കോർത്തു (ജീവിതവുമായി കൂട്ടിയോജിപ്പിക്കുന്ന വിരലുകൾ) എന്നായിരുന്നു വിഘ്നേഷ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്.
‘നാനും റൗഡി നാന് താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്.
Post Your Comments