ആനമല: കൊവിഡ് നിയന്ത്രണം ലംഘിച്ച് ചിത്രീകരണം നടത്തിയ നടന് ശിവകാര്‍ത്തികേയന്റെ സിനിമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ആനമല മുക്കോണം പാലത്തിനടുത്തായി നടന്ന താരത്തിന്റെ ‘ഡോണ്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ആളുകൾ തടിച്ചുകൂടിയത്. ഷൂട്ടിങ്ങ് വിവരം അറിഞ്ഞ് സമീപവാസികള്‍ മാസ്ക് പോലും ധരിക്കാതെ താരത്തെ കാണാനായി എത്തുകയായിരുന്നു.
ഏകദേശം 500 പേരാണ് സ്ഥലത്ത് സാമൂഹ്യ അകലം പാലിക്കാതെ തടിച്ച് കൂടിയത്. തുടർന്ന് നാട്ടുകാരിൽ ചിലർ വിവരമറിയിച്ചതിനെ തുടർന്ന് വിവരമറിഞ്ഞെത്തിയ പൊലീസ് ഷൂട്ടിങ് നിർത്തിവെപ്പിക്കുകയായിരുന്നു.
ആളുകള്‍ തടിച്ച് കൂടിയതിന് പുറമെ പാലത്തിനരികില്‍ സിനിമ പ്രവര്‍ത്തകരുടെ വാഹനങ്ങളും പാര്‍ക്ക് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഗതാഗതകുരുക്കും ഉണ്ടായി. സ്ഥലത്തെത്തിയ തഹസില്‍ദാരും പൊലീസുകാരും അന്വേഷണത്തില്‍ ചിത്രീകരണത്തിന് അനുവാദം വാങ്ങിയില്ലെന്ന് കണ്ടെത്തി.
ഇതിനെ തുടർന്ന് തഹസില്‍ദാര്‍ 19,400 രൂപ പിഴചുമത്തി. കൂടാതെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനും, ഗതാഗതം സ്തംഭിപ്പിച്ചതിനും സംവിധായകന് സിബി ചക്രവര്‍ത്തിയടക്കം 30 പേര്‍ക്കെതിരേ ആനമല പോലീസ് കേസ് എടുക്കുകയും ചെയ്തു.
Post Your Comments