
കേരളം കണ്ട മഹാപ്രയാളത്തിൽ നമ്മൾ ഏറ്റവും കൂടുതൽ കേട്ട ഗാനമായിരുന്നു ‘നന്മയുള്ള ലോകമേ’. വാര്‍ത്താ ചാനലായ ന്യൂസ് 18 കേരളം പുറത്തിറക്കിയ ഈ പാട്ട് പ്രളയം നേരിട്ട കേരളത്തിന്റെ അതിജീവന ഗാനമായാണ് അറിയപ്പെടുന്നത്. ഇഷാന് ദേവ് സംഗീതം ഒരുക്കുകയും പാടുകയും ചെയ്ത പാട്ടിന് വരികൾ ഒരുക്കിയത് മാധ്യമപ്രവര്ത്തകന് കൂടിയായ ജോയ് തമലമാണ്. എന്നാൽ ഈ പാട്ട് ഇപ്പോൾ വിവാദത്തിൽ പെട്ടിരിക്കുകയാണ്. അതിനു കാരണം ഇഷാൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടതാണ് വിവാദത്തിലേക്ക് നയിച്ചത്.
‘നന്മയുള്ള ലോകമേ ചെയ്തത് താന്‍ ചെന്നൈയിലായിരുന്ന സമയത്താണ് എന്നാണ് ഇഷാന് അഭിമുഖത്തില്‍ പറഞ്ഞത്. കേരളത്തിലേക്ക് വരാന്‍ പറ്റാത്ത സാഹചര്യമായിരുന്നുവെങ്കിലും ഭക്ഷ്യവസ്തുക്കളും മറ്റു അവശ്യ സാധനങ്ങളും അയച്ചുകൊടുക്കുന്നത് അടക്കമുള്ള പല പ്രവര്‍ത്തനങ്ങളിലും താന്‍ പങ്കാളിയായിരുന്നെന്നും അതെല്ലാമാണ് ഈ പാട്ടിന്റെ പിറവിക്ക് കാരണമായതെന്നുമായിരുന്നു സംഗീത സംവിധായകൻ്റെ വാക്കുകൾ. ഈ കാര്യങ്ങള്‍ വീഡിയോരൂപത്തിലാക്കാമെന്നും ഒരു സുഹൃത്തിനോട് അത് വീഡിയോ ആക്കാമെന്നും പറയുകയും തുടർന്ന് ആ ഗാനമെഴുതുകയുമായിരുന്നുവെന്നാണ് ഇഷാൻ പറഞ്ഞത്’. എന്നാൽ ഇതിനെതിരെ ഗാനത്തിന്റെ മറ്റ് അണിയറപ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. ഇഷാന് ദേവ് പറഞ്ഞത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് എന്നാണ് ഇവർ ആരോപിച്ചത്.
വിവാദത്തോട് ജോയ് തമലവും പ്രതികരിച്ചിരുന്നു. ഇഷാന് ദേവെന്ന സംഗീത സംവിധായകന് ഒരുളുപ്പുമില്ലാതെ നുണ പറയുന്നത് കേട്ട് ലജ്ജ തോന്നുന്നുവെന്നാണ് ജോയ് പറഞ്ഞത്. ‘അറപ്പുളവാക്കുന്ന ഇത്തരം അഭിമുഖങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ ആ അഭിമുഖം തിരുത്തണമെന്ന് അപേക്ഷിക്കുന്നുവെന്നും നുണപറഞ്ഞ് ക്രെഡിറ്റ് എടുക്കുന്നവര്‍ ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണലെന്ന് പറയുമന്നും. സത്യം അറിയുന്ന മലയാളികള്‍ ലോകമെങ്ങും ഉണ്ടെന്നും വര്ക്കെന്റെ സ്നേഹാഭിവാദ്യങ്ങളെന്നുമായിരുന്നു’ ജോയ് തമലം വീഡിയോക്ക് താഴെ കമന്റായി കുറിച്ചത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഇഷാനും മറുപടിയുമായി രംഗത്തെത്തി. പാട്ടിന്റെ മുഴുവന്‍ ക്രെഡിറ്റും സ്വന്തം പേരിലാക്കാനുള്ള ശ്രമങ്ങളൊന്നും താൻ ശ്രമിക്കുന്നില്ലെന്നാണ് ഇഷാന് പറയുന്നത്. വനിത ഓൺലൈനോടാണ് ഇഷാൻ ഇക്കാര്യം തുറന്നു പറഞ്ഞത്. ‘ആ ഗാനത്തിനായി വരികളെഴുതിയത് ജോയ് തമലമാണ്. അത് ഞാൻ എവിടെയും നിഷേധിച്ചിട്ടില്ല. മുൻപ് ഞങ്ങള്‍ സുഹൃത്തുക്കളുമായിരുന്നു. എന്നാൽ ഇപ്പോള്‍ ആ ബന്ധത്തിൽ അകൽച്ചയുണ്ട്. എന്നെ വളരെയധികം വേദനിപ്പിച്ച ഒരു സംഭവമാണ് അതിനു കാരണം.”അതുകൊണ്ടു തന്നെ ഈ ഗാനവുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിലൊന്നും അദ്ദേഹത്തിന്റെ പേര് പറയില്ലെന്നും, സുഹൃത്ത് എന്നു മാത്രം വിശേഷിപ്പിക്കുമെന്നും തീരുമാനിച്ചിരുന്നു. അത്രേയുള്ളൂ കാര്യം. എന്നു വച്ച് ആ പാട്ട് അദ്ദേഹമല്ല എഴുതിയത് എന്നാകില്ലല്ലോ. പേര് ഞാൻ പറയില്ല. അതിനുള്ള അവകാശം എനിക്കുണ്ട്. അതുകൊണ്ട് ഇപ്പോൾ ഈ വിവാദം ഒരു അനാവശ്യ സൃഷ്ടിയാണെന്നും ഇഷാന് വ്യക്തമാക്കി. മറ്റൊരാളുടെ അധ്വാനം തട്ടിയെടുക്കേണ്ട ആവശ്യം എനിക്കില്ല. ഈ വിവാദം ചിലരുടെ സ്വകാര്യ താൽപര്യമാണെന്നും ഇഷാൻ പറഞ്ഞു. ഗാനത്തിൻ്റെ കോപ്പി റൈറ്റ് തനിക്കാണെന്നും പ്രതിഫലം വാങ്ങാതെ ചെയ്തതാണെന്നും ഇഷാൻ പറയുന്നു.
കടപ്പാട്, സമയം
Post Your Comments