ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഈശോ’. ചിത്രത്തിന്‍റെ പേര് വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണെന്നും അത് മാറ്റണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ പേരിന് ദൈവപുത്രനായ ജീസസുമായി യാതൊരു ബന്ധവുമില്ലെന്നും കേവലം ഒരു കഥാപാത്രത്തിന്‍റെ പേര് മാത്രമാണെന്നും നാദിര്‍ഷ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടൻ ജയസൂര്യ.
ഈശോ അതിലെ കഥാപാത്രത്തിന്റെ പേര് മാത്രമാണെന്ന് ജയസൂര്യ പറയുന്നു. പേരില്‍ ആശയക്കുഴപ്പം ഉണ്ടാകരുതെന്ന് ഉദ്ദേശിച്ചുകൊണ്ടാണ് ‘ഈശോ നോട്ട് ഫ്രം ബൈബിള്‍’ എന്ന് കൊടുത്തതു പോലും, എന്നാല്‍ അതിനെയും തെറ്റിദ്ധരിച്ചാൽ എന്താണ് പറയുക എന്നും ജയസൂര്യ ചോദിക്കുന്നു. റിപ്പോർട്ടർ ടീവിയോടായിരുന്നു താരത്തിന്റെ പ്രതികരണം.
ജയസൂര്യയുടെ വാക്കുകൾ:
‘സിനിമയുടെ പേരും മറ്റും സംബന്ധിച്ച വിഷയങ്ങളില്‍ പുറത്തുനിന്നും നിയന്ത്രണങ്ങള്‍ വരുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒന്നാണ്. ഞാന്‍ തന്നെ ഇതിന് മുമ്പ് ‘പുണ്യാളന്‍’ എന്ന സിനിമ ചെയ്തിട്ടുണ്ട്. അതിന് രണ്ട് ഭാഗങ്ങളും ഉണ്ടായിരുന്നു. അന്നൊന്നും ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. ആരെയും വേദനിപ്പിക്കുന്നതിന് വേണ്ടിയല്ല നമ്മള്‍ സനിമ ചെയ്യുന്നത്. ഈശോ എന്ന സിനിമ മുന്നോട്ടുവെയ്ക്കുന്ന ഒരു സന്ദേശമുണ്ട്. ഇത് കണ്ടുകഴിയുമ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടവര്‍ പോലും ഇതിലെ സന്ദേശത്തെക്കുറിച്ച് ചിന്തിക്കും.
സിനിമയ്ക്ക് ‘ഈശോ’ എന്ന് പേരിട്ടതുകൊണ്ട് അത് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഇത്രയേറെ ആക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നതില്‍ ഏറെ വിഷമമുണ്ട്. സിനിമ പുറത്തിറങ്ങിയ ശേഷം അത് ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കോടതിയില്‍ വരെ പോകാം. അതിന് ഞങ്ങളും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. കലാകാരന്മാരുടെ കാണപ്പെട്ട ദൈവം പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ അവരെ വേദനിപ്പിക്കുന്ന ഒന്നും സിനിമാക്കാര്‍ക്ക് ചെയ്യാന്‍ കഴിയില്ല. അത് എല്ലാവരും മനസ്സിലാക്കേണ്ട കാര്യമാണെന്നും’ -ജയസൂര്യ പറഞ്ഞു.
Post Your Comments