
വെള്ളിത്തിരയിൽ അൻപത് വർഷം പൂർത്തിയാക്കിയ മമ്മൂട്ടിയ്ക്ക് ആശംസ അറിയിച്ചുകൊണ്ട് മകനും നടനുമായ ദുൽഖർ സൽമാൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. 50 വർഷം ഏറ്റവും തിളക്കമാർന്നതും മഹത്വമേറിയതുമായ കരിയർ കൊണ്ടുനടക്കാൻ കഴിഞ്ഞു എന്നത് ചെറിയ നേട്ടമല്ലെന്നും സെല്ലുലോയ്ഡിന് അപ്പുറത്തുള്ള മമ്മൂട്ടിയെ എന്നും കാണാനും അറിയാനും കഴിയുന്നത് തന്റെ അനുഗ്രഹമാണെന്നും ദുൽഖർ പറയുന്നു.
ദുല്‍ഖര്‍ സല്‍മാന്‍റെ കുറിപ്പ്:
50 വര്‍ഷം ഒരു നടനായി ജീവിക്കുക. വലിയ സ്വപ്‍നങ്ങള്‍ കണ്ട്, പരിശ്രമം അവസാനിപ്പിക്കാതെ, ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ട്, ഒരിക്കലും തൃപ്‍തനാവാതെ, ക്ഷീണിച്ചുപോവാതെ, അടുത്ത മികത്ത കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അടങ്ങാത്ത വിശപ്പോടെ, ഒരു മെഗാസ്റ്റാര്‍ എന്നതിനേക്കാള്‍ ഒരു നടനായി അറിയപ്പെടാനുള്ള ആഗ്രഹത്തോടെ, സിനിമയെന്ന കലയെ ഞാന്‍ കണ്ട മറ്റേതു നടനേക്കാള്‍ സ്നേഹിച്ച്, ലക്ഷങ്ങള്‍ക്ക് പ്രചോദനം നല്‍കി, തലമുറകളെ സ്വാധീനിച്ച്, അവര്‍ക്ക് മാതൃക സൃഷ്‍ടിച്ച്, മാറുന്ന കാലത്തും ചില മൂല്യങ്ങളെ മുറുകെപ്പിടിച്ച്, എപ്പോഴും ബന്ധങ്ങളെ വിലമതിച്ച്, സത്യസന്ധതയ്ക്ക് വിലകൊടുത്ത്, ഒരിക്കലും കുറുക്കുവഴികള്‍ തേടിപ്പോകാതെ അവനവനോട് മത്സരിച്ച്, ഒരു യഥാര്‍ഥ നായകനായി നിലകൊണ്ട്..
സിനിമാജീവിതത്തിന്‍റെ നാഴികക്കല്ലുകള്‍ ആഘോഷിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്‍ടമല്ലെങ്കിലും ശ്രേഷ്‍ഠമായ ഈ വഴി അന്‍പത് ആണ്ടുകള്‍ പിന്നിടുന്നു എന്നത് ചെറിയ നേട്ടമല്ല. എനിക്കു ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച് ഓരോ ദിവസവും ഞാന്‍ ഓര്‍ക്കാറുണ്ട്. കാരണം വെള്ളിത്തിരയിലുള്ള ആ മനുഷ്യന്‍റെ ജീവിതത്തിന് സാക്ഷിയാവാന്‍ എനിക്കു കഴിഞ്ഞു. ആ മഹത്വത്തിനു കീഴെ ജീവിക്കാന്‍ കഴിഞ്ഞു, ആ വെളിച്ചത്തില്‍.. ആളുകള്‍ക്ക് നിങ്ങളോടുള്ള സ്‍നേഹം അനുഭവിക്കാനായി. നിങ്ങള്‍ ജീവിതം കൊണ്ട് സ്‍പര്‍ശിച്ച മനുഷ്യര്‍ക്ക് നിങ്ങളെക്കുറിച്ച് പറയാനുള്ളത് കേട്ടു. അതേക്കുറിച്ചൊക്കെ ഒരു പുസ്‍തകം തന്നെ എനിക്ക് എഴുതാനാവും. പക്ഷേ ഞാന്‍ നിര്‍ത്തുന്നു.
സിനിമയുടെ മായാലോകം കണ്ടെത്തിയപ്പോള്‍ കണ്ണുകള്‍ വിടര്‍ന്ന ഒരു കുട്ടിയുണ്ടായിരുന്നു. അതിന്‍റെ ഭാഗമാവാന്‍ ആഗ്രഹിച്ച അവന്‍ അതിനുവേണ്ടി അശ്രാന്തമായി പരിശ്രമിച്ചു. ആദ്യ അവസരം ലഭിച്ചപ്പോള്‍ തന്‍റെ മുദ്ര പതിപ്പിക്കാനായി അക്ഷീണനായി അവന്‍ യത്‍നിച്ചു. സിനിമയ്ക്ക് തന്നെ ആവശ്യമുള്ളതിനേക്കാള്‍ സിനിമയെ തനിക്കാണ് ആവശ്യമെന്ന് എപ്പോഴും പറഞ്ഞു. എത്ര ഉയരത്തിലെത്തിയാലും ആ കൊടുമുടി പിന്നെയും ഉയരുന്നു. അദ്ദേഹത്തെ അറിയുന്നവര്‍ക്ക് അറിയാം, ആ കയറ്റം അദ്ദേഹം ഇപ്പോഴും തുടരുകയാണെന്നും ഒരിക്കലും അവസാനിപ്പിക്കുകയില്ലെന്നും.
Post Your Comments