ഇന്ത്യൻ വനിതാ ഹോക്കി താരം വന്ദന കതാരിയെ ജാതീയമായി അധിക്ഷേപിച്ചതിനെതിരെ ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന. രാജ്യത്തിന് വേണ്ടി എല്ലാം നൽകിയ ഒരാളെ ജാതീയമായി അധിക്ഷേപിക്കുന്നത് ഏറ്റവും മോശപ്പെട്ട കാര്യമാണ്. ഇത് ഇപ്പോൾ തന്നെ അവസാനിപ്പിക്കണം ആയുഷ്മാൻ ഖുറാന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.
ഇത് ആദ്യമായാണ് ബോളിവുഡിലെ ഒരു മുൻനിര നടൻ വന്ദന കതാരിയക്ക് മേലുള്ള ജാതീയ അധിക്ഷേപത്തിൽ പ്രതികരിക്കുന്നത്.
ഹരിദ്വാറിലെ റോഷ്നബാദ് ഗ്രാമത്തിലുള്ള വന്ദന കതാരിയയുടെ വീടിന് നേരെയാണ് അധിക്ഷേപം നടന്നത്. അര്‍ജന്റീനയുമായുള്ള മത്സരം കഴിഞ്ഞയുടനെ ബൈക്കിലെത്തിയ സംഘം പടക്കം പൊട്ടിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തതായി വന്ദനയുടെ കുടുംബം തന്നെയാണ് വെളിപ്പെടുത്തിയത്. ദലിത് കളിക്കാരെ ടീമിലുള്‍പ്പെടുത്തിയതിനാലാണ് ഇന്ത്യ തോറ്റതെന്ന് സംഘം പറഞ്ഞതായും മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് വന്ദനയുടെ സഹോദരന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാള്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.
Post Your Comments