മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. മലയാളത്തില്‍ നിന്നും ആദ്യമായി ഇരുന്നൂറ് കോടി മറികടന്ന ചിത്രമായിരുന്നു ലൂസിഫർ. സിനിമയുടെ ഗംഭീര വിജയത്തിന് പിന്നാലെ ചിത്രം മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്യാനൊരുങ്ങുന്നുവെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ലൂസിഫര്‍ ഹിന്ദിയിലേക്ക് എത്തിക്കാൻ ആലോചന നടക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഫിലിം കാമ്പയിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഹിന്ദിയില്‍ ലൂസിഫറിനെ എട്ട് എപ്പിസോഡ് ഉളള മിനിസിരീസ് ആക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. എനിക്ക് സമയം കണ്ടെത്തുക എന്നതാണ് വെല്ലുവിളി. മറ്റൊരാള്‍ സിനിമ ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്‍ടനാണ്. നമുക്ക് നോക്കാം. തുടക്കത്തില്‍, ഞങ്ങള്‍ (മുരളി ഗോപിക്കൊപ്പം) ഇത് മൂന്ന് ഭാഗങ്ങളുള്ള സീരിസ് ആയിട്ടു തന്നെയാണ് ആലോചിച്ചത് . ആദ്യ സീസണില്‍ നിന്ന് ഞങ്ങള്‍ ലൂസിഫര്‍ എന്ന ഫീച്ചര്‍ ഫിലിം നിര്‍മ്മിച്ചുവെന്നും’ പൃഥ്വിരാജ് പറഞ്ഞു.
സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാൻ പ്രഖ്യാപിച്ചെങ്കിലും. കോവിഡ് മൂലം സിനിമ മാറ്റി വെച്ചിരിക്കുകയാണ്. നിലവിൽ പൃഥ്വിരാജ് മോഹൻലാലിനെ തന്നെ നായകനാക്കി കൊണ്ട് ബ്രോ ഡാഡി എന്ന ചിത്രം സംവിധാനം ചെയ്യുകയാണ്. ഹൈദരാബാദിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മീന, കല്യാണി പ്രിയദർശൻ എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments