മികച്ച അഭിനയം കാഴ്ചവെച്ചുകൊണ്ട് മലയാള സിനിമയിൽ തന്റേതായൊരു ഇടം സ്വന്തമാക്കിയ താരമാണ് നടി സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്രപുരസ്കാരവും സ്വന്തമാക്കി സുരഭി തന്റെ അഭിനയ ജീവിതം തുടരുകയാണ്. ഇപ്പോഴിതാ സംവിധായകൻ ജയരാജിന് പിറന്നാൾ ആശംസിച്ചുകൊണ്ട് സുരഭി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തന്റെ സിനിമ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട വ്യക്തിയാണ് ജയരാജ് എന്ന് സുരഭി പറയുന്നു.
2004ൽ പെരിന്തൽമണ്ണയിൽ വെച്ച് നടന്ന യുവജനോത്സവത്തിൽ അദ്ദേഹം തന്റെയുള്ളിലെ നടിയെ തിരിച്ചറിയുകയും ഒപ്പം ബൈ ദ പീപ്പിൾ എന്ന സിനിമയിലൂടെ മലയാളം സിനിമയിലേക്ക് അവസരം നൽകുകയും ചെയ്തുവെന്ന് സുരഭി പറഞ്ഞു. അദ്ദേഹത്തിനൊപ്പം തുടക്കം കുറിക്കാൻ സാധിച്ചതിൽ താൻ അഭിമാനിക്കുന്നു എന്നും സുരഭി എഴുതുന്നു.
സുരഭിയുടെ വാക്കുകൾ:
പ്രിയപ്പെട്ട ജയരാജ് സാറിന് പിറന്നാളാശംസകൾ. 2004 ൽ പെരിന്തൽമണ്ണയിൽ വെച്ച് നടന്ന യുവജനോത്സവത്തിൽ സാറും സബിത ചേച്ചിയും ചേർന്ന് എന്നിലെ നടിയെ തിരിച്ചറിയുകയും ഒപ്പം ബൈ ദ പീപ്പിൾ എന്ന ചിത്രത്തിലെ നളിനി എന്ന കഥാപാത്രത്തിലൂടെ എനിക്ക് മലയാള സിനിമയിലേക്ക് അവസരം തരികയും ചെയ്തു. അതിനു ശേഷം അവസരങ്ങൾ ലഭിച്ചിരുന്നില്ല. പിന്നീട് അമൃത ടിവിയിലെ ബെസ്റ്റ് ആക്ടർ എന്ന ഷോയിൽ പങ്കെടുക്കുന്ന സമയത്ത് ജയരാജ് സർ സെലിബ്രിറ്റി ജഡ്ജ് ആയി എത്തുകയും പരിചയം പുതുക്കാൻ അവസരം കിട്ടുകയും അങ്ങനെ ഗുൽമോഹർ എന്ന ചിത്രത്തിലെ നിർമല എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉള്ള ഭാഗ്യം ലഭിച്ചു.
അതിനു ശേഷം ദി ട്രെയിൻ എന്ന ചിത്രത്തിലും സാറിനൊപ്പം വർക് ചെയ്യാൻ സാധിച്ചു. തിരക്കഥ, കാഞ്ചീപുരത്തെ കല്യാണം, പകൽ നക്ഷത്രങ്ങൾ തുടങ്ങി കുറച്ച് ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഞാൻ വീണ്ടും സാന്നിധ്യം അറിയിച്ചു കൊണ്ടിരുന്നു. വളരെക്കാലത്തിന് ശേഷം സാറിൻ്റെ ചിത്രത്തിലേക്ക് അഭിനയിക്കാൻ വിളിച്ചപ്പോൾ എൻ്റെ കരിയറിലെ തന്നെ വളരെ ചലഞ്ചിങ് ആയ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആകുമെന്ന് കരുതിയിരുന്നില്ല. ഷൂട്ട് തുടങ്ങിയതിനു ശേഷം എൻ്റെ ഏറ്റവും പ്രധാനപെട്ട കഥാപാത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തു പ്രഭ. പ്രഭയെ എന്നാൽ ആവുംവിധം തിരിച്ചേൽപ്പിച്ചു എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.
പുതിയ ചിത്രത്തിൻ്റെ ഷൂട്ടുമായി ബന്ധപ്പെട്ട് സാറിൻ്റെ വീട് സന്ദർശിച്ചപ്പോൾ, മലയാള സിനിമയെ ലോകസിനിമക്ക് മുൻപിൽ അഭിമാനത്തോടെ പ്രദർശിപ്പിച്ച മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സംവധായകന് ലഭിച്ച പുരസ്കാരങ്ങളുടെ കലവറ കാണാൻ ഉള്ള ഭാഗ്യവും ലഭിച്ചു. സുവർണമയൂരം ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടിയ പ്രിയപ്പെട്ട ജയരാജ് സാറിൻ്റെ കൂടെ തുടക്കം കുറിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഒരിക്കൽ കൂടി, എൻ്റെ എല്ലാവിധ പിറന്നാളാശംസകളും.
Post Your Comments